സംഭല്‍: കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്ക് 50000 രൂപ അടയ്ക്കാനാവശ്യപ്പെട്ട് സംഭല്‍ ജില്ലാ അധികൃതരുടെ നോട്ടീസ്. 50 ലക്ഷം രൂപയുടെ നോട്ടീസാണ് ആദ്യം നല്‍കിയത്. സംഭവം വിവാദമായതോടെ 50000മായി തിരുത്തി. ആറ് കര്‍ഷകര്‍ക്കാണ് നോട്ടീസ് നല്‍കിയത്. സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് നോട്ടീസ് നല്‍കിയത്. ഭാരതീയ കിസാന്‍ യൂണിയന്‍(അസ്ലി) ജില്ലാ പ്രസിഡന്റ് രാജ്പാല്‍ സിംഗ് യാദവ്, മറ്റ് കര്‍ഷക നേതാക്കളായ ജയ്വീര്‍ സിംഗ്, ബ്രഹ്മചന്ദ് യാദവ്, സതേന്ദ്ര യാദവ്, റൗദാസ്, വീര്‍ സിംഗ് എന്നിവര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ഇവര്‍ സമരം സംഘടിപ്പിച്ചിരുന്നു.

സമരം നടത്തിയ നേതാക്കള്‍ സാമധാമം തകര്‍ത്തെന്നാരോപിച്ച് ഹയാത്‌നഗര്‍ പൊലീസ് 50 ലക്ഷം രൂപയുടെ നോട്ടീസ് ഓരോരുത്തര്‍ക്കും നല്‍കിയിരുന്നെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ദീപേന്ദ്ര യാദവ് പറഞ്ഞു. കര്‍ഷകര്‍ പരാതിയുമായി രംഗത്തെത്തിയതോടെ 50000 മാക്കി കുറച്ചു. ജയിലിലടക്കുകയോടെ തൂക്കുകയോ ചെയ്താലും പണം നല്‍കില്ലെന്ന് രാജ്പാല്‍ സിംഗ് യാദവ് പറഞ്ഞു. കര്‍ഷകര്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.