ലഖ്നൗ: കൊവിഡ് രോ​ഗികളെ പരിശോധിക്കുന്ന ആശുപത്രികളിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആശുപത്രികളിലെ മോശമായ അവസ്ഥ പുറംലോകം അറിയാതിരിക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നതെന്ന് അഖിലേഷ് ആരോപിച്ചു. മൊബൈലൂടെ രോഗവ്യാപനം ഉണ്ടാവുകയാണെങ്കില്‍ രാജ്യമാകെ മൊബൈല്‍ നിരോധിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

‘കൊറോണ വൈറസ് മൊബൈല്‍ ഫോണിലൂടെ പകരുമെങ്കില്‍ രാജ്യത്തെ എല്ലാ ആശുപത്രികളിലും ഫോണ്‍ നിരോധിക്കണം. മൊബൈല്‍ ഫോണ്‍ രോഗികളുടെ എകാകിയായ അവസ്ഥയെ മറികടക്കാന്‍ സഹായിക്കും. മാനസികമായി നല്ല പിന്തുണ ലഭിക്കുകയും ചെയ്യും’, അഖിലേഷ് പറഞ്ഞു.

പാവപ്പെട്ടവരുടെ ആരോഗ്യം സംരക്ഷിക്കാനാണെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ ഫോണിന് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ആശുപത്രികളിലെ ശോച്യാവസ്ഥ ജനങ്ങളിൽ നിന്ന് മറയ്ക്കുക എന്നതാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു. മൊബൈല്‍ ഫോണുകള്‍ അണുവിമുക്തമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അല്ലാതെ അവ നിരോധിക്കാനല്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.