Asianet News MalayalamAsianet News Malayalam

ലഖിംപൂര്‍ കേസ് ; അന്വേഷണ പുരോഗതി യുപി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും, കോടതി ഇടപെടൽ നിര്‍ണായകം

കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് കേസ് പരിഗണിക്കവെ യുപി സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമാണ് കോടതിയിൽ നിന്ന് കേൾക്കേണ്ടിവന്നത്. കൃത്യമായ അന്വേഷണം നടക്കുമോ എന്നതിൽ സുപ്രീംകോടതി ആശങ്കയും അറിയിച്ചിരുന്നു. 

up government will inform lakhimpur case report to supreme court
Author
Delhi, First Published Oct 19, 2021, 1:09 PM IST

ദില്ലി: ലഖിംപൂര്‍ ഖേരിയിൽ (Lakhimpur Kheri case) കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണ പുരോഗതി സുപ്രീംകോടതി (supreme court) നാളെ പരിശോധിക്കും. കേസിലെ അന്വേഷണ പുരോഗതി യുപി സര്‍ക്കാര്‍ നാളെ ചീഫ് ജസ്റ്റിസിനെ അറിയിക്കും. പരാതികൾ കേസായി പരിഗണിച്ചാണ് ലഖിംപൂര്‍ കൊലപാതകത്തിൽ സുപ്രീംകോടതി ഇടപെടുന്നത്. കര്‍ഷകരെ വാഹനമിടിച്ച് കൊന്ന എസ്‍യുവി വാഹനത്തിൽ ഉണ്ടായിരുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പടെ 10 പേരെയാണ് ഇതുവരെ യുപി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത്.

കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് കേസ് പരിഗണിക്കവെ യുപി സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമാണ് കോടതിയിൽ നിന്ന് കേൾക്കേണ്ടിവന്നത്. കൃത്യമായ അന്വേഷണം നടക്കുമോ എന്നതിൽ സുപ്രീംകോടതി ആശങ്കയും അറിയിച്ചിരുന്നു. സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. കേസ് യുപി പൊലീസ് തന്നെ അന്വേഷിച്ചാൽ മതിയോ, മറ്റെന്തെങ്കിലും അന്വേഷണ സംവിധാനം വേണോ എന്നതിൽ ഒരുപക്ഷേ കോടതി തീരുമാനമെടുത്തേക്കും.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകൾ അറിയിച്ചു. ലഖിംപൂര്‍ ഖേരിലെ സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം. ഗൂഡാലോചന നടത്തിയത് കേന്ദ്ര മന്ത്രി അജയ് മിശ്രയാണെന്ന ആരോപണവും ഉയര്‍ത്തുന്നു. അജയ് മിശ്രയെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്നലെ രാജ്യവ്യാപകമായി കര്‍ഷകര്‍ ട്രെയിൻ തടയൽ സമരം നടത്തിയിരുന്നു. ലൗക്നൗവിൽ 26 ന് മഹാപഞ്ചായത്തും സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനിരിക്കെ യുപിയിലടക്കം കര്‍ഷകര്‍ പ്രക്ഷോഭം കടുപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ പല ബിജെപി നേതാക്കൾക്കും ഉണ്ട്. അതിനിടെയാണ് കോടതിയുടെ ഇടപെടൽ കൂടി ഉണ്ടാകുന്നത്. 


 

Follow Us:
Download App:
  • android
  • ios