രാത്രി വീടിനുമുന്നില്‍ നില്‍ക്കുമ്പോഴാണ് രത്തന്‍ സിങ്ങിനെ ആക്രമികള്‍ വെടിവച്ചത്. വെടിയേറ്റ രത്തന്‍ സിങ്ങ് ഉടന്‍ തന്നെ മരിച്ചു. 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ആദിത്യനാഥ് സര്‍ക്കാര്‍. മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കി. കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തു.

സഹാറാ സമയ് ചാനലിലെ മാധ്യമപ്രവര്‍ത്തകനായ രത്തന്‍സിങിനെയാണ് ഇന്നലെ രാത്രി ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. വാരാണസിക്ക് സമീപം ബല്ലിയ ജില്ലയിലാണ് സംഭവം നടന്നത്.

രാത്രി വീടിനുമുന്നില്‍ നില്‍ക്കുമ്പോഴാണ് രത്തന്‍ സിങ്ങിനെ ആക്രമികള്‍ വെടിവച്ചത്. വെടിയേറ്റ രത്തന്‍ സിങ്ങ് ഉടന്‍ തന്നെ മരിച്ചു. ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ വെടിയേറ്റ് മരിക്കുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് രത്തന്‍ സിങ്ങ്. കഴിഞ്ഞ മാസം ഗാസിയാബാദില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടകള്‍ വെടിവച്ചു കൊന്നിരുന്നു.