മഥുരയിൽ വ്യാപാരികൾക്ക് പാൽ വിൽപ്പന ഏറ്റെടുക്കാമെന്നും വ്യവസായം പുനരുജ്ജീവിപ്പിക്കാമെന്നും സംസ്ഥാന സർക്കാർ നിർദ്ദേശിച്ചു.
ലക്നൌ: അയോധ്യയിലെയും മഥുരയിലെയും ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ സമ്പൂർണ മദ്യവിൽപന നിരോധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ രാമക്ഷേത്രത്തിനും മഥുരയിലെ കൃഷ്ണ ജന്മഭൂമിക്കും സമീപമുള്ള പ്രദേശങ്ങളിൽ മദ്യവിൽപന നിരോധിച്ചുകൊണ്ട് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു. അയോധ്യയിലെ മദ്യശാല ഉടമകളുടെ ലൈസൻസും സർക്കാർ റദ്ദാക്കി.
ഉത്തരവ് 2022 ജൂൺ 1 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മഥുരയിലെ ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കുറഞ്ഞത് 37 ബിയർ, മദ്യം, ഭാംഗ് ഷോപ്പുകൾ അടച്ചുപൂട്ടാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
അയോധ്യയിലെ രാമമന്ദിറിന് ചുറ്റുമുള്ള മദ്യശാല ഉടമകളുടെ ലൈസൻസ് യോഗി ആദിത്യനാഥ് സർക്കാർ റദ്ദാക്കി. പാൽ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് പേരുകേട്ട മഥുരയിൽ വ്യാപാരികൾക്ക് പാൽ വിൽപ്പന ഏറ്റെടുക്കാമെന്നും വ്യവസായം പുനരുജ്ജീവിപ്പിക്കാമെന്നും സംസ്ഥാന സർക്കാർ നിർദ്ദേശിച്ചു.
മഥുരയിൽ ഹോട്ടലുകളിലുള്ള മൂന്ന് ബാറുകളും രണ്ട് മോഡൽ ഷോപ്പുകളും ബുധനാഴ്ച മുതൽ അടഞ്ഞുകിടക്കും. കഴിഞ്ഞ വർഷം യോഗി ആദിത്യനാഥ് മഥുരയിൽ മദ്യത്തിന്റെയും മാംസത്തിന്റെയും വിൽപന പൂർണമായും നിരോധിച്ചിരുന്നു.
2021 സെപ്റ്റംബറിൽ, സംസ്ഥാന സർക്കാർ മഥുര-വൃന്ദാവനത്തിന്റെ 10 ചതുരശ്ര കിലോമീറ്റർ പ്രദേശം തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു, ഈ പ്രദേശത്ത് മദ്യവും മാംസവും വിൽക്കാൻ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. കൃഷ്ണോത്സവ 2021 പരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
വാരണാസി, വൃന്ദാവനം, അയോധ്യ, ചിത്രകൂട്, ദേവ്ബന്ദ്, ദേവാ ഷെരീഫ്, മിസ്രിഖ്-നൈമിശാരണ്യ തുടങ്ങി എല്ലാ ആരാധനാലയങ്ങളിലും മദ്യശാലകൾക്കും മാംസാഹാരങ്ങൾ വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
