ലഖ്‌നൗ: കാണ്‍പുരില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടതും ഗ്യാങ്‌സ്റ്റര്‍ തലവന്‍ വികാസ് ദുബെയുടെ ഏറ്റുമുട്ടല്‍ കൊലപാതകവും അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അലഹാബാദ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് ശശികാന്ത് അഗര്‍വാളാണ് കമ്മീഷന്‍ തലവന്‍. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കാണ്‍പൂര്‍ കേന്ദ്രമാക്കിയായിരിക്കും കമ്മീഷന്‍ പ്രവര്‍ത്തനം.

ഗുണ്ടാ സംഘങ്ങളും പൊലീസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്താന്‍ നിര്‍ദേശമുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് തടയാനാണ് ഗുണ്ടകളും പൊലീസും തമ്മിലുള്ള ബന്ധം അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വികാസ് ദുബെയും കൂട്ടാളികളും പൊലീസുകാരെ വധിച്ചതും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജൂലായ് മൂന്നിനാണ് ഡിസിപി അടക്കം എട്ട് പൊലീസുകാരെ വികാസ് ദുബെയും കൂട്ടാളികളും വധിച്ചത്. ജൂലായ് 10ന് അറസ്റ്റിലായ വികാസ് ദുബെയെ കാണ്‍പൂരിലേക്ക് കൊണ്ടുവരുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. ദുബെയുടെ മൂന്ന് കൂട്ടാളികളെയും പൊലീസ് എന്‍കൗണ്ടറില്‍ കൊലപ്പെടുത്തിയിരുന്നു.