ബിസിനസുകാരന്റെ ആത്‌മഹത്യയ്ക്ക് പിന്നാലെ വൈദ്യുതി വകുപ്പ് ജൂനിയർ എഞ്ചിനിയർ സ്ഥാനത്ത് നിന്ന് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു

മുസാഫർനഗർ: സർക്കാർ ജീവനക്കാരന്റെ ഉപദ്രവം സഹിക്കവയ്യാതെ ഉത്തർപ്രദേശിൽ ബിസിനസുകാരൻ ആത്മഹത്യ ചെയ്തു. ധാന്യങ്ങൾ പൊടിപ്പിക്കുന്ന മില്ലുടമയായ നിരജ് കുമാറാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

ബിജിനോർ ജില്ലാ കളക്‌ടറേറ്റ് പരിസരത്ത് വച്ച് വിഷം കഴിച്ചായിരുന്നു ആത്മഹത്യ. വൈദ്യുതി വകുപ്പിൽ ജൂനിയർ എഞ്ചിനീയറായ വിനീത് സൈനി എന്ന ഉദ്യോഗസ്ഥനെതിരായ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി.

നിരജ് കുമാർ വൈദ്യുതി മോഷ്ടിച്ചെന്നാരോപിച്ച് ഇദ്ദേഹത്തിനെതിരെ വിനീത് സൈനി കേസെടുത്തിരുന്നു. ഈ കേസ് ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ആത്മഹത്യയെന്നാണ് വിവരം.

ജൂൺ ആറിന് പത്രസമ്മേളനത്തിലൂടെ ഇന്ത്യൻ പ്രസിഡന്റിനോട് ദയാവധത്തിനുള്ള അനുമതി ഇദ്ദേഹം തേടിയിരുന്നു. 

നിരജ് കുമാറിന്റെ മരണത്തെ തുടർന്ന് വിനീത് സൈനിയെ ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്തു.