മുസാഫർനഗറിൽ 6 മാസത്തിനിടെ 11 കേസുകളിലായി 23 പ്രതികൾക്ക് വധശിക്ഷ വിധിച്ച അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് രവികുമാർ ദിവാകറിനെ ഫാമിലി കോടതിയിലേക്ക് സ്ഥലംമാറ്റി. ജില്ലാ ജഡ്ജി ബി.കെ. സിംഗ് തന്റെ കോടതിയിലെ 97 കേസുകൾ മാറ്റിയതിനെയും നീതിന്യായ വ്യവസ്ഥയിലെ ഭരണപരമായ അധികാരപരിധികളെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു
മുസാഫർനഗർ: ആറ് മാസത്തിനിടെ വിവിധ കേസുകളിലായി 23 പ്രതികൾക്ക് വധശിക്ഷ വിധിച്ച ജഡ്ജിയെ കുടുംബ കോടതിയിലേക്ക് സ്ഥലംമാറ്റി. ഉത്തർപ്രദേശിലെ മുസാഫർ നഗർ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻസ് കോടതി ജഡ്ജി രവി കുമാർ ദിവാകറിനെയാണ് അലഹബാദ് ഹൈക്കോടതി മുസാഫർനഗറിലെ കുടുംബ കോടതിയിലേക്ക് സ്ഥലംമാറ്റി.
അതിവേഗ കോടതിയിലെ ജഡ്ജിയായിരുന്ന ഇദ്ദേഹത്തെ കുടുംബ കോടതിയിലെ അഡീഷണൽ പ്രിൻസിപ്പൽ ജഡ്ജായാണ് മാറ്റി നിയമിച്ചത്. ഇദ്ദേഹത്തിന് പകരം ശിവ് കുമാരി അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് അതിവേഗ കോടതിയിലെ ജഡ്ജായി ചുമതലയേൽക്കും.
ഏപ്രിൽ മുതൽ സെപ്തംബർ വരെ 11 കേസുകളിലായാണ് ജഡ്ജ് രവി കുമാർ ദിവാകർ 23 വധശിക്ഷ പുറപ്പെടുവിച്ചത്. കൊലപാതകവും മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങളും ഉൾപ്പെടെ ഇദ്ദേഹതതിൻ്റെ കോടതിയുടെ പരിഗണനയിലിരുന്ന 97 കേസുകൾ ഓഗസ്റ്റിൽ അന്നത്തെ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി ബി.കെ. സിംഗ് മാറ്റിയിരുന്നു. ഇതിനെ അതിരൂക്ഷമായ ഭാഷയിൽ ജഡ്ജ് വിമർശിച്ചിരുന്നു. നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവർത്തനത്തെക്കുറിച്ചും ജില്ലാ ജഡ്ജിമാർ വിനിയോഗിക്കുന്ന ഭരണപരമായ അധികാരങ്ങളുടെ പരിധികളെ കുറിച്ചും അദ്ദേഹം ചോദ്യം ഉന്നയിച്ചിരുന്നു.







