ബിജ്‌നോര്‍: വിവാഹത്തിന് വൈകി എത്തിയ വരന് എട്ടിന്‍റെ പണി  വിവാഹം വേണ്ടെുവെച്ച് അയല്‍വാസിയെ വിവാഹം ചെയ്ത് വധു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. സ്ത്രീധന തര്‍ക്കങ്ങളും സംഭവത്തിന് പിന്നിലുണ്ടെന്ന് പൊലീസ് പറയുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിവാഹത്തിന് സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാത്രിയോടെയാണ്  വരനും സംഘവും വിവാഹവേദിയിലെത്തിയത്. 

വരനെത്താന്‍ വൈകിയത് വധുവിനും കുടുംബത്തിനും വലിയ നാണക്കേടുണ്ടാക്കിയെന്ന് വിവാഹത്തിന് എത്തിയവര്‍ പറയുന്നു. വൈകിട്ട് വരെ കാത്തിരുന്നിട്ടും വരനെത്തിയില്ല. വിവാഹത്തിന്  മുന്‍പ് തന്നെ സ്ത്രീധനത്തെച്ചൊല്ലി വരന്‍റെ വീട്ടുകാരും വധുവിന്‍റെ വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വരന്‍റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം . 

കൂടുതല്‍ പണം നല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു വധുവിന്‍റെ വീട്ടുകാര്‍. ഇതിന്‍റെ പേരില്‍ വരന്റെ ബന്ധുക്കളെ വധുവിന്‍റെ വീട്ടുകാര്‍ മര്‍ദിച്ചെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും ഇതിനാലാണ് വിവാഹത്തിന് സമയത്തെത്താന്‍ സാധിക്കാത്തതെന്നുമാണ് വരന്‍റെ വീട്ടുകാര്‍ നല്‍കുന്ന വീശദീകരണം. 

തര്‍ക്കത്തിനൊടുവില്‍ ഇരു വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. പൊലീസ് ഇടപെട്ടതോടെ കുടുബങ്ങള്‍ ഒത്തുതീര്‍പ്പിന് തയ്യാറായി. എന്നാല്‍  വധുവിന്  വരനൊപ്പം പോകാന്‍ താത്പര്യമില്ലായിരുന്നു. അയല്‍വാസിയായ യുവാവിനെ യുവതി വിവാഹം ചെയ്യുകയും ചെയ്തു.