മതാടിസ്ഥാനത്തില്‍ വിവേചനം കാണിച്ചില്ല. മരിച്ചവര്‍ ലഹളക്കാരായിരുന്നു. ഞാനെന്തിന് ലഹളക്കാരുടെ വീട്ടില്‍ പോകണമെന്ന് മന്ത്രി ചോദിച്ചു.
ബിജ്നോര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട മുസ്ലിം യുവാക്കളുടെ വീട് സന്ദര്‍ശിക്കാതെ യുപി മന്ത്രി കപില്‍ ദേവ് അഗര്‍വാള്‍. പ്രക്ഷോഭത്തിനിടെ പരിക്കേറ്റ മറ്റ് സമുദായങ്ങളിലുള്ളവരെ മന്ത്രി സന്ദര്‍ശിച്ചെങ്കിലും കൊല്ലപ്പെട്ട മുസ്ലിം യുവാക്കളുടെ വീട് ഒഴിവാക്കി. പ്രക്ഷോഭത്തിനിടെ പരിക്കേറ്റ ഓം രാജ് സെയ്നി എന്നയാളുടെ നെഹ്തോറിലെ വീടാണ് മന്ത്രി സന്ദര്‍ശിച്ചത്. അതേ പ്രദേശത്താണ് കൊല്ലപ്പെട്ട മുസ്ലിം യുവാക്കളുടെ പേര്. മന്ത്രി ഇവരെ ഒഴിവാക്കിയത് വിവാദമായി.
സന്ദര്‍ശനത്തിന് ശേഷം മന്ത്രി ബിജ്നോറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ഉന്നയിച്ചു. സബ്കാ സാഥ്, സബ്കാ വികാസ് എന്നു പറയുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് മരിച്ചവരുടെ വീട് ഒഴിവാക്കിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി എല്ലാവരുടെയും വീട് സന്ദര്‍ശിച്ചു. നിങ്ങള്‍ മരിച്ചവരുടെ കുടുംബത്തെ ഒഴിവാക്കി. പിന്നെങ്ങനെയാണ് സബ്കാ സാഥും സബ്കാ വികാസും നടപ്പാക്കുകയെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു.
മതാടിസ്ഥാനത്തില്‍ വിവേചനം കാണിച്ചില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. മരിച്ചവര്‍ ലഹളക്കാരായിരുന്നു. ഞാനെന്തിന് ലഹളക്കാരുടെ വീട്ടില്‍ പോകണം. പൊതുമുതല്‍ നശിപ്പിക്കുന്നവരും തീവെക്കുന്നവരും എങ്ങനെ സമൂഹത്തിന്‍റെ ഭാഗമാകും. ഞാനെന്തിന് അവിടെ പോകണം.-എന്നായിരുന്നു മന്ത്രിയുടെ മറുപടി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തിനിടെ 21 പേരാണ് ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടത്. പലരും വെടിയേറ്റാണ് മരിച്ചതെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ബിജ്നോറില്‍ 20കാരനായ സുലേമാന്‍, 22 കാരനായ അനസ് എന്നിവരാണ് മരിച്ചത്. ഇരുവരും പൊലീസ് വെടിവെപ്പിലല്ല കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം.
