മീററ്റ്: മീററ്റിൽ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദർശിക്കാൻ മീററ്റിൽ എത്തിയ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു. നിലവിൽ മീററ്റിലേക്ക് കടക്കാൻ ഇരുവരെയും അനുവദിക്കാനാകില്ലെന്നാണ് യുപി പൊലീസിന്‍റെ നിലപാട്. 
 

റോഡ് മാര്‍ഗമാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മീററ്റിലേക്ക് പോയത്. മീററ്റിലേക്ക് പ്രവേശിക്കും  മുമ്പ് ഇവരുവരെയും പൊലീസ് തടഞ്ഞു. ആ മേഖലയിൽ പ്രശ്ന സാധ്യത നിലവിലുണ്ടെന്നും അങ്ങോട്ട് പോകാൻ കഴിയില്ലെന്നുമായിരുന്നു പൊലീസിന്‍റെ നിലപാട്. എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പൊലീസിന് ഉണ്ടായിരുന്നില്ല. അവസാനം സന്ദര്‍ശന അനുമതി ഇല്ലെന്ന് എഴുതി നൽകിയ ശേഷമാണ് വാഹനങ്ങൾ തിരിച്ചയച്ചത്.