Asianet News MalayalamAsianet News Malayalam

ഭക്ഷണം കഴിച്ച ബില്ലടക്കാതെ പൊലീസുകാര്‍; പണം ചോദിച്ചപ്പോള്‍ കള്ളകേസില്‍ അറസ്റ്റിലാക്കിയെന്നാരോപണം

കഴിച്ച ഭക്ഷണത്തിന്റെ 400 രൂപ ബില്ല് അടയ്ക്കാന്‍  പൊലീസുകാര്‍ തയ്യാറായില്ല. 200 രൂപയെങ്കിലും തരണമെന്ന കടയുടമയുടെ ആവശ്യവും ഇവര്‍ തള്ളി. ബില്‍ തുക നല്‍കണമെന്ന് പറഞ്ഞ കടയിലെത്തിയ ആളുകള്‍ അടക്കം 10 പേര്‍ അറസ്റ്റില്‍ 

UP police denies to pay bill and charge case for asking bill amount in etah
Author
Etah, First Published Mar 23, 2021, 5:23 PM IST

ഭക്ഷണം കഴിച്ച ബില്ല് നല്‍കാതിരിക്കാന്‍ പൊലീസുകാര്‍ കള്ളക്കേസ് ചുമത്തി. ഭക്ഷണശാല ഉടമയുടെ സഹോദരനും കടയില്‍ വന്നവരും അടക്കം പത്ത് പേരെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്. ഉത്തര്‍പ്രദേശിലെ ഇട്ടാ ജില്ലയിലെ ഒരു ദാബയിലാണ് സംഭവം. പ്രവീണ്‍ കുമാര്‍ യാദവ് എന്നയാളുടെ ആഗ്ര റോഡിലുള്ള ദാബയില്‍ നിന്നാണ് രണ്ട് പൊലീസുകാര്‍ മാര്‍ച്ച് നാലിന് ഭക്ഷണം കഴിച്ചിരുന്നു. കഴിച്ച ഭക്ഷണത്തിന്റെ 400 രൂപ ബില്ല് അടയ്ക്കാന്‍ ഇവര്‍ തയ്യാറായില്ല. 80 രൂപ നല്‍കിയ ശേഷം തങ്ങള്‍ ഡ്യൂട്ടിയിലാണ് എന്നായിരുന്നു പൊലീസുകാര്‍ വാദിച്ചത്. ഭിന്നശേഷിക്കാരനായ പ്രവീണ്‍ കുമാറിന്‍റെ സഹോദരന്‍ 200 രൂപയെങ്കിലും തരണമെന്ന് പൊലീസുകാരോട് അഭ്യര്‍ഥിച്ചതാണ് കള്ളക്കേസിന് പിന്നിലെ കാരണമെന്നാണ് പ്രവീണ്‍കുമാര്‍ ആരോപിക്കുന്നത്.

കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ ചിലരും പൊലീസുകാരോട് ഭക്ഷണത്തിന്‍റെ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ പൊലീസുകാരും കടയുടമയുടെ സഹോദരനും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം മൂത്തതോടെ ഏല്ലാത്തിനേയും പിടിച്ച് ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പൊലീസുകാര്‍ മടങ്ങുകയായിരുന്നു. സന്തോഷ് കുമാര്‍, ശൈലേന്ദ്ര കുമാര്‍ എന്നീ രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് പരാതി. കുറച്ച് കഴിഞ്ഞതോടെ മൂന്ന് വാഹനങ്ങളിലായി പതിനഞ്ചോളം പൊലീസുകാര്‍ ഇവിടേക്ക് എത്തുകയായിരുന്നു. തോക്കുചൂണ്ടി എല്ലാവരേയും വിരട്ടിയ ശേഷം കടയുടമയുടെ സഹോദരനേയും ബന്ധുവിനേയും അടക്കം പത്ത് പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസുകാരെ ആക്രമിച്ചെന്ന് ആരോപിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഭിന്നശേഷിക്കാരനായ താന്‍ ആക്രമിച്ചുവെന്ന് പറഞ്ഞാല്‍ കോടതി വിശ്വസിക്കില്ലാത്തത് മൂലമാണ് തന്നെ അറസ്റ്റ് ചെയ്യാത്തതെന്നും പ്രവീണ്‍കുമാര്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊള്ളയടിക്കാനായി ഗൂഡാലോചന നടത്തിയവരെ പൊലീസ് എന്‍കൗണ്ടറിലൂടെ പിടിച്ചുവെന്നാണ് എഫ്ഐആറില്‍ വിശദമാക്കുന്നത്. ഇവരുടെ കയ്യില്‍ നിന്ന് ആറ് അനധികൃത ആയുധങ്ങളും 80 ലിറ്റര്‍ വ്യാജമദ്യവും 2കിലോ നിരോധിത വസ്തുക്കളും പിടിച്ചുവെന്നും പൊലീസ് എഫ്ഐആറില്‍ പറയുന്നത്. സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് വിഭാ ചാഹല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ തന്നെ മറ്റൊരു പൊലീസ് സ്റ്റോഷനില്‍ നിന്ന് കള്ളക്കടത്ത് നടത്തിയ മുപ്പത് ലക്ഷം വിലമതിക്കുന്ന മദ്യം കാണാതെ പോയതിന് എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്തത് അടുത്തകാലത്താണ്. 

Follow Us:
Download App:
  • android
  • ios