അഡ്മിറ്റ് കാർഡിൽ അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രം കനൗജിലെ തിരവയിലുള്ള ശ്രീമതി സോനശ്രീ മെമ്മോറിയൽ ഗേൾസ് കോളേജായിരുന്നു. ഫെബ്രുവരി 17ന് നടന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.
ലഖ്നൗ: പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്‍റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്‍റെ പേരും ചിത്രവും. ഉത്തർപ്രദേശിലാണ് സംഭവം. സണ്ണി ലിയോണിന്‍റെ പേരും ചിത്രവും അടങ്ങുന്ന അഡ്മിറ്റ് കാര്‍ഡിന്‍റെ ചിത്രം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഉത്തർപ്രദേശ് പൊലീസ് റിക്രൂട്ട്‌മെന്‍റ് ആൻഡ് പ്രൊമോഷൻ ബോർഡിന്‍റെ (യുപിപിആർബി) വെബ്‌സൈറ്റിൽ കോൺസ്റ്റബിൾ (സിവിൽ പൊലീസ്) തസ്തികയിലേക്കാണ് രജിസ്‌ട്രേഷൻ നടത്തിയതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്.
അഡ്മിറ്റ് കാർഡിൽ അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രം കനൗജിലെ തിരവയിലുള്ള ശ്രീമതി സോനശ്രീ മെമ്മോറിയൽ ഗേൾസ് കോളേജായിരുന്നു. ഫെബ്രുവരി 17ന് നടന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. രജിസ്‌ട്രേഷൻ സമയത്ത് ഉപയോഗിച്ച മൊബൈൽ നമ്പർ യുപിയിലെ മഹോബയിൽ താമസിക്കുന്നയാളുടേതാണ്. രജിസ്ട്രേഷൻ ഫോമിൽ നൽകിയിരിക്കുന്ന വിലാസം മുംബൈയിലാണ്.
എന്നാൽ, പരീക്ഷാ ദിവസം ഒരു ഉദ്യോഗാർത്ഥിയും പ്രത്യേക അഡ്മിറ്റ് കാർഡുമായി ഹാജരായില്ലെന്ന് കോളേജ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. അതേസമയം, അഡ്മിറ്റ് കാർഡ് വ്യാജമാണെന്നും ഉദ്യോഗാര്‍ത്ഥി രജിസ്ട്രേഷൻ പ്രക്രിയയിൽ നടിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തതാണെന്നുമാണ് പൊലീസ് പറയുന്നത്.
കനൗജ് പൊലീസിന്‍റെ സൈബർ സെല്ലാണ് കേസ് അന്വേഷിച്ചത്. ഉത്തർപ്രദേശ് പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്‍റ് പരീക്ഷ ശനിയാഴ്ചയാണ് ആരംഭിച്ചത്. ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും രണ്ട് ഷിഫ്റ്റുകളിലായാണ് രണ്ട് ദിവസത്തെ പരീക്ഷ നടക്കുന്നത്. ഉദ്യോഗാര്‍ത്ഥികളായി ആൾമാറാട്ടം നടത്തിയതിന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉത്തർപ്രദേശിലുടനീളം 120-ലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു.
