Asianet News MalayalamAsianet News Malayalam

ഹാഥ്റസ് പ്രതിഷേധങ്ങൾക്കെതിരെ നടപടിയുമായി യുപി പൊലീസ്; സിദ്ദിഖ് കാപ്പനെ കോടതിയിൽ ഹാജരാക്കും

21 കേസാണ് പ്രതിഷേധങ്ങളുടെ പേരിൽ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിനെതിരെ വലിയ ഗൂഢാലോചന നടന്നുവെന്ന് ഡിജിപി എച്ച്.സി. അവസ്തി ആരോപിച്ചു.

UP police strong action Hathrus protests
Author
Trivandrum, First Published Oct 6, 2020, 2:41 PM IST

ദില്ലി: ഹാഥ്റസ് ബലാത്സംഗക്കൊലപാതക കേസിൽ പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടികൾ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊലീസ്. സര്‍ക്കാരിനെതിരെ വലിയ ഗൂഢാലോചന നടന്നുവെന്ന് യുപി ഡിജിപി എച്ച്.സി. അവസ്തി ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിനെ അപമാനിക്കാൻ ചിലര്‍ 50 ലക്ഷം രൂപ കുടുംബത്തിന് വാഗ്ദാനം ചെയ്തെന്നാണ് ഡിജിപിയുടെ ആരോപണം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കൂട്ടത്തിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഹാഥ്റസിൽ വലിയ തിരിച്ചടി നേരിട്ട ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരായ നടപടികൾ ശക്തമാക്കുകയാണ്. 21 കേസാണ് ഹാഥ്റസ് സംഭവത്തിൽ  പ്രതിഷേധങ്ങളുടെ പേരിൽ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിനെതിരെ വീഡിയോ സന്ദേശം നൽകാൻ അമ്പത് ലക്ഷം രൂപവരെ പെണ്‍കുട്ടിയുടെ കുടുംബത്തിന് വാഗ്ദാനം ചെയ്തുവെന്നാണ് പ്രധാന ആരോപണം. 

ഹാഥ്റസിലേക്ക് പോകുംവഴി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നു. എന്നാൽ സിദ്ദിഖ് റിപ്പോര്‍ട്ടിംഗിനായി പോവുകയായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. പത്രപ്രവര്‍ത്തക യൂണിയൻ ദില്ലി ഘടകം സെക്രട്ടറികൂടിയായ സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു.ഡബ്ള്യു.ജെ  യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ഹാഥ്റസ് കൊലപാതകത്തിൽ പ്രധാനമന്ത്രിയുടെ മൗനം അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ഗ്രാമം അടച്ചുവെച്ച് പ്രതിഷേധങ്ങൾ നിയന്ത്രിക്കാനുള്ള നീക്കം ഉപേക്ഷിക്കേണ്ടി വന്നത് യു.പി സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. ഐക്യരാഷ്ട്ര സഭയും സംഭവത്തെ അപലപിച്ച് പ്രസ്താവനയിറക്കി. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ട് എന്ന പ്രചാരണം ശക്തമാക്കാൻ യു.പി സര്‍ക്കാരും പൊലീസും നടപടികൾ തുടങ്ങിയിരിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios