ബസ്തി (ഉത്തര്‍പ്രദേശ്): എന്‍കൗണ്ടറുകള്‍ക്ക് ഉപയോഗിക്കുന്ന തോക്കുകള്‍ ഉപയോഗിച്ച് പ്രമോഷന്‍ വീഡിയോയുണ്ടാക്കിയ പൊലീസുകാര്‍ക്കെതിരെ നടപടി. ഉത്തര്‍പ്രദേശിലെ ബസ്തിയിലാണ് സംഭവം. സ്പെഷ്യല്‍ വെപണ്‍സ് ആന്‍ഡ് ടാക്ടിക്സ് (എസ് ഡബ്ല്യു എ ടി) സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരൊയാണ് നടപടി. 

ടിക് ടോക് ഉപയോഗിച്ച് മൊബൈലില്‍ തയ്യാറാക്കിയ വീഡിയോ ഏറെ വിവാദമായിരുന്നു. അഞ്ച് ഉദ്യോഗസ്ഥരെ ഉടന്‍ തന്നെ സ്ഥലം മാറ്റാനാണ് ഉത്തരവ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പിസ്റ്റളുകളും വലിയ റൈഫിളുകളും വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നു. നൂറിലധികം ആളുകള്‍ പൊലീസ് എന്‍കൗണ്ടറുകളില്‍ കൊല്ലപ്പെട്ടതായി ആരോപണം ഉത്തര്‍പ്രദേശ് പൊലീസിനെതിരെയുള്ള സാഹചര്യത്തിലാണ് സ്പെഷ്യല്‍ ടീമിന്‍റെ വിവാദ വീഡിയോ പുറത്തുവരുന്നത്. 

പൊലീസ് ശൈലികള്‍ക്കും എന്‍കൗണ്ടറുകള്‍ക്കും ആശംസകളെന്ന രീതിയിലാണ് വീഡിയോ അപ്‍ലോഡ് ചെയ്തത്. എസ് ഡബ്ല്യു എ ടി ടീമിലെ അംഗമായ ഇന്‍സ്പെക്ടറാണ് വീഡിയോ അപ്‍ലോഡ് ചെയ്തത്. വയലിലൂടെ സിനിമാ സ്റ്റെലില്‍ വിവിധ തോക്കുകളുമായി നടക്കുന്ന ഉദ്യോഗസ്ഥരുടെ വീഡിയോയാണ് ഇയാള്‍ അപ്‍ലോഡ് ചെയ്തത്. പ്രാദേശിക ഹിന്ദി ഭാഷയിലെ പാട്ടിനൊപ്പമായിരുന്നു സ്ലോമോഷനിലുള്ള പൊലീസുകാരുടെ നടത്തം. 

രണ്ട് മിനിറ്റ് നീളമുള്ളതാണ് വീഡിയോ. കഴിഞ്ഞ ഒക്ടോബറില്‍ സമാനമായ രീതിയില്‍ ഒരു എന്‍കൗണ്ടറിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് ഉത്തര്‍ പ്രദേശില്‍ പൊലീസിന് ഏറെ തലവേദനയായിരുന്നു.