ദില്ലി: അയോധ്യയില്‍ ബാബ്റി മസ്‍ജിദ് സ്ഥിതി ചെയ്തിരുന്ന ഇടത്ത് ക്ഷേത്രം പണിയാമെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജിയോ തെറ്റുതിരുത്തല്‍ ഹര്‍ജിയോ നല്‍കില്ലെന്ന് യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. പഠിച്ച ശേഷം വിധിയെക്കുറിച്ച് കൂടുതല്‍ വ്യക്തമായി പ്രതികരിക്കുമെന്നും  യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫറൂഖി പറഞ്ഞു. വിധിക്കെതിരെ ബോര്‍ഡ് മുന്നോട്ട് പോകണമെന്ന് പറയുന്നത് ശരിയല്ലെന്നും ബോര്‍ഡ് പറഞ്ഞു. അതേസമയം  വിധിക്ക് പിന്നാലെ കേസില്‍ കക്ഷിയായിരുന്ന സുന്നി വഖഫ് ബോര്‍ഡ് ബാബ്റി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഇടത്ത് ക്ഷേത്രം പണിയാമെന്ന സുപ്രീംകോടതി വിധി തൃപ്തികരമല്ലെന്നായിരുന്നു പ്രതികരിച്ചത്.

കോടതി വിധിയെ ബഹുമാനിക്കുന്നതായും എന്നാൽ വിധിയിൽ തൃപ്തിയില്ലെന്നുമായിരുന്നു സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ കോടതി വിധിക്ക് പിന്നാലെ പറഞ്ഞത്. വിധി പ്രസ്താവം കേട്ടു. എന്നാൽ വിശദമായ വിധി പകർപ്പ് വായിച്ച ശേഷമേ പുനഃപരിശോധനാ ഹർജിയിൽ തീരുമാനമെടുക്കുയെന്നും സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ സഫർയാബ് ജിലാനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിധിക്ക് പിന്നാലെയുള്ള പ്രതികരണം സുന്നി വഖഫ് ബോര്‍ഡ് കൗണ്‍സില്‍ അംഗം എന്ന നിലയിലല്ലെന്നും ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‍സണല്‍ ലോ ബോര്‍ഡ് സെക്രട്ടറി എന്ന നിലയിലായിരുന്നെന്നും അഭിഭാഷകന്‍ സഫര്‍യാബ്  ജിലാനി പറഞ്ഞു.

തർക്കഭൂമിയുടെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിനാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്നത്. ക്ഷേത്രനിർമ്മാണത്തിനും നടത്തിപ്പിനുമായി ഈ ഭൂമി ട്രസ്റ്റിന് കൈമാറുമ്പോൾ മുസ്ലീങ്ങൾക്ക് അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യമായതും സുപ്രധാനവുമായ ഭാ​ഗത്ത് ഭൂമി ലഭിക്കും. ഈ നടപടികളുടെ മേൽനോട്ടം കേന്ദ്രസർക്കാരോ യുപി സർക്കാരോ വഹിക്കണമെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്.