'ബിജെപിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ നിങ്ങള്‍ക്കു വേണ്ടി ചെയ്ത കാര്യങ്ങള്‍  നേരിട്ട് കണ്ടിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലനമാകണം വോട്ട്'- യോഗി പറഞ്ഞു.

ലഖ്നൗ: ബിജെപി സര്‍ക്കാരിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തപസ്യയ്ക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളവും ബംഗാളും കശ്മീരും പോലെ ആകാന്‍ അധിക സമയം വേണ്ടി വരില്ലെന്ന് യോഗി ആദിത്യനാഥ് (Yogi Adityanath). യുപി നിയമസഭാതെരഞ്ഞെടുപ്പിന്‍റെ (UP Election 202) ആദ്യഘട്ട വോട്ടിംഗ് തുടങ്ങിയ പശ്ചാത്തലത്തിലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങള്‍ക്ക് 'മുന്നറിയിപ്പ്' നല്‍കിയത്.

നിങ്ങളുടെ വോട്ടാണ് യുപിയുടെ ഭാവി തീരുമാനിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ നിങ്ങള്‍ക്കു വേണ്ടി ചെയ്ത കാര്യങ്ങള്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലനമാകണം വോട്ട്. വരാനുള്ള വര്‍ഷങ്ങളില്‍ നിങ്ങള്‍ക്ക് ഭീതിയില്ലാതെ കഴിയാനുള്ള ഒന്നാകട്ടെ ഇത്തവണത്തെ വോട്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Scroll to load tweet…

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പോളിംഗ് നടക്കുക. ആദ്യഘട്ടത്തില്‍ 2.27 കോടി വോട്ടര്‍മാരാണുള്ളത്. പടിഞ്ഞാറന്‍ യുപിയിലെ11 ജില്ലകളിലെ അന്‍പത്തിയെട്ട് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. ഒമ്പത് മന്ത്രിമാരടക്കം 623 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില് ബിജെപി 53 സീറ്റുകളും സമാജ് വാദി പാർട്ടിയും ബിഎസ്പിയും രണ്ട് വീതവും, ആർഎല്‍ഡി ഒരു സീറ്റും നേടിയിരുന്നു. കര്‍ഷക സമരത്തെ തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യുപിയിലെ ജനവികാരം അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എസ്പി- ആര്‍എല്‍ഡി സഖ്യത്തിനുള്ളത്.

ജാട്ടുകള്‍ നിർണായക ശക്തിയാകുന്ന ഈ ഘട്ടത്തിൽ ഈ വിഭാഗത്തില്‍ നിന്ന് ബിജെപി പതിനേഴ് സ്ഥാനാര്‍ത്ഥികളേയും സമാജ്‍വാദി പാര്‍ട്ടി - ആര്‍എല്‍ഡി സഖ്യം 18 സ്ഥാനാര്‍ത്ഥികളെയും രംഗത്തിറക്കിയിട്ടുണ്ട്. കര്‍ഷകരെ തൃപ്തിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങളില്‍ മത്സരിച്ചാണ് സമാജ്‍വാദി പാര്‍ട്ടിയും ആര്‍എല്‍ഡിയും പ്രകടന പത്രികകള്‍ പുറത്തിറക്കിയത്.