ബിഹാറിലെ സത്യപ്രതിജ്ഞ, കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ആവേശം, ജി20 ഉച്ചകോടി. ഒപ്പം സിനിമാ റിലീസുകൾ, കായിക വാർത്തകൾ, പുതിയ ഫോണ്‍ ലോഞ്ച്- ഈ ആഴ്ച നടക്കാനിരിക്കുന്ന സംഭവങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം.
ബിഹാറിൽ പത്താം തവണയും മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിലാകട്ടെ തദ്ദേശ തെരഞ്ഞെടുപ്പ് ആവേശം കൊട്ടിക്കയറുകയാണ്. നിന്ന നിൽപ്പിൽ മുന്നണി മാറിയവർ, ആരോപണ പ്രത്യാരോപണങ്ങൾ, സീറ്റ് കിട്ടാത്തതിന് ജീവനൊടുക്കിയ സംഭവം എന്നിങ്ങനെ വിവാദങ്ങൾ കൊഴുക്കുകയാണ്. വിലായത്ത് ബുദ്ധയുടെ റിലീസ് ആണ് വിനോദ ലോകത്തെ പ്രധാന സംഭവമെങ്കിൽ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത് ടെസ്റ്റ് മത്സരങ്ങളാണ്. ഈ ആഴ്ച എന്തെല്ലാം സംഭവിക്കുമെന്ന് ഒറ്റ നോട്ടത്തിൽ അറിയാം
പ്രധാനപ്പെട്ട വാർത്തകൾ
ബിഹാറിൽ എൻഡിഎ സർക്കാറിന്‍റെ സത്യപ്രതിജ്ഞ
ബിഹാറിൽ എൻഡിഎ സർക്കാർ അടുത്ത ആഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. എൻഡിഎയുടെ 202 എംഎൽഎമാർ യോഗം ചേർന്ന് നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുക്കും. നിതീഷ് കുമാർ പത്താം തവണയും മുഖ്യമന്ത്രി ആകും. സർക്കാർ രൂപീകരണത്തിനായി നിതീഷ് കുമാർ ഉടൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണും. പുതിയ സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിക്കും. നവംബർ 18നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നേക്കും. പ്രധാനമന്ത്രി, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
തദ്ദേശ പോരിനിടെ ആത്മഹത്യയും ആത്മഹത്യാശ്രമവും
തിരുവനന്തപുരം കോർപ്പറേഷനിൽ സീറ്റ് നൽകാത്തതിൽ മനം നൊന്ത് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി ജീവനൊടുക്കിയതിന് പിന്നാലെ വിവാദം. തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്താണ് മരണമെന്നാണ് പരാതി. രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ആനന്ദ് പറയുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു. നെടുമങ്ങാട് നഗരസഭയിൽ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് മഹിളാ മോർച്ച നേതാവ് ശാലിനി അനിൽ ആത്മഹത്യാശ്രമം നടത്തി. ആർഎസ്എസ് പ്രാദേശിക നേതാക്കളുടെ വ്യക്തിഹത്യ താങ്ങാനായില്ലെന്ന് ശാലിനി പറഞ്ഞു. ഈ രണ്ട് സംഭവങ്ങളും തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാനത്ത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ജി20 ഉച്ചകോടി നവംബർ 22ന്
ജി20 ഉച്ചകോടി നവംബർ 22, 23 തീയതികളിൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നിരവധി ഉഭയകക്ഷി വ്യാപാര കരാറുകളിൽ ഒപ്പുവച്ചേക്കും. ഉച്ചകോടി ബഹിഷ്കരിക്കുമെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി. ദക്ഷിണാഫ്രിക്കയിൽ യൂറോപ്യൻ വംശജരെ വ്യാപകമായി തിരഞ്ഞുപിടിച്ച് കൊല്ലുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്നുവെന്നാണ് ട്രംപിന്‍റെ ആരോപണം.
ഇനി മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട ഞായറാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. ഓൺലൈനായി 70,000 പേർക്കും തൽസമയ ബുക്കിംഗ് വഴി 20,000 പേർക്കും ഒരു ദിവസം ദർശനത്തിന് സൗകര്യമുണ്ട്. ആദ്യ ദിവസങ്ങളിലെ ബുക്കിംഗ് ഇതിനോടകം പൂർത്തിയായി. പമ്പയിൽ നിന്ന് തീർഥാടകരെ ഉച്ച മുതൽ സന്നിധാനത്തേക്ക് കയറ്റിവിടും. സ്വർണ്ണകൊള്ള വിവാദം നിലനിൽക്കെയാണ് മണ്ഡല സീസണ് തുടക്കമാകുന്നത്. നാളെ ഉച്ചയ്ക്ക് നട അടച്ച ശേഷം ദ്വാരപാലക പാളികൾ, കട്ടിള പാളികൾ എന്നിവയിൽ നിന്ന് കേസിലെ ശാസ്ത്രീയ പരിശോധനയ്ക്കായി സാമ്പിളുകളും ശേഖരിക്കുന്നുണ്ട്.
ചെങ്കോട്ട സ്ഫോടനം- അന്വേഷണം കൂടുതൽ ഡോക്ടർമാരിലേക്ക്
ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് നിർണായക വിവരങ്ങൾ ശേഖരിച്ച് എൻഐഎ. ഹരിയാനയിൽ നിന്ന് പിടിയിലായ ഡോക്ടറുടെ ഫോണിൽ സംശയാസ്പദമായ നമ്പറുകള്‍ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് സമീപ സംസ്ഥാനങ്ങളിൽ അടക്കം പരിശോധന നടക്കുകയാണ്. ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് സ്ഫോടന സ്ഥലത്ത് നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തി. എന്നാൽ തോക്ക് കണ്ടെത്തിയിട്ടില്ല.
ബിബിസിക്കെതിരെ കടുപ്പിച്ച് ട്രംപ്
ബിബിസിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എഡിറ്റ് വിവാദത്തിൽ ബിബിസി മാപ്പ് പറഞ്ഞെങ്കിലും നഷ്ടപരിഹാരം നൽകില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ട്രംപ് നിയമ നടപടികളിലേക്ക് കടക്കുന്നത്. ഒരു ബില്യൺ ഡോളറിനും അഞ്ച് ബില്യൺ ഡോളറിനും ഇടയിലുള്ളൊരു തുക നഷ്ടപരിഹാരമായി ആവശ്യപ്പെടും. ഈ ആഴ്ച നിയമ നടപടി തുടങ്ങുമെന്ന് ട്രംപ് പറഞ്ഞു. 2021ലെ ക്യാപിറ്റോൾ ഹിൽ കലാപത്തിന് തിരികൊളുത്തിയ ട്രംപിന്റെ പ്രസംഗമാണ് 2024ൽ പനോരമ വിഭാഗത്തിലെ ട്രംപ് എ സെക്കൻഡ് ചാൻസ് എന്ന ഡോക്യുമെന്ററിയിൽ ബിബിസി എഡിറ്റ് ചെയ്ത് ഉപയോഗിച്ചത്. പ്രസംഗത്തിലെ രണ്ട് ഭാഗങ്ങൾ ചേർത്ത് വച്ചപ്പോൾ ട്രംപ് ആക്രമത്തിന് ആഹ്വാനം നൽകിയെന്ന പ്രതീതി സൃഷ്ടിച്ചു. ഇതാണ് വിവാദമായത്.
വിനോദലോകത്തെ പ്രധാന വാർത്തകൾ
ആരോ- നവംബർ 16 റിലീസ്
മഞ്ജു വാര്യർ, ശ്യാമ പ്രസാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം 'ആരോ' നവംബർ 16 ന് വൈകീട്ട് 6 മണിക്ക് റിലീസ് ചെയ്യും. മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന ചിത്രം അവരുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിടുന്നത്. അസീസ് നെടുമങ്ങാടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന ആദ്യ ഹ്രസ്വ ചിത്രം കൂടിയാണിത്.
വിലായത്ത് ബുദ്ധ- നവംബർ 21ന് റിലീസ്
ജിആർ ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ നവംബർ 21 ന് തിയേറ്ററുകളിൽ എത്തും. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
എക്കോ - നവംബർ 21ന് റിലീസ്
ഏറെ പ്രേക്ഷക, നിരൂപക പ്രശംസകൾ നേടിയ 'കിഷ്കിന്ധാ കാണ്ഡം' എന്ന ചിത്രത്തിന് ശേഷം ബാഹുൽ രമേശിന്റെ തിരക്കഥയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എക്കോ'. ചിത്രം നവംബർ 21 ന് തിയേറ്ററുകളിലെത്തും. പടക്കളം എന്ന ചിത്രത്തിന് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. കഥാവഴിയിൽ മൃഗങ്ങൾക്കും നിർണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങൾ ഉള്ള ഈ അനിമൽ ട്രിലജിയിലെ അവസാന ഭാഗം എന്നും 'എക്കോ'യെ വിശേഷിപ്പിക്കാം. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് ഈ മൂന്നു കഥകളിലും പൊതുവായി വിഷയമാകുന്നത്.
നയൻതാര- ജന്മദിനം നവംബർ 18
തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടെ നാല്പത്തിയൊന്നാം ജന്മദിനമാണ് നവംബർ 18 ന്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നയൻതാര ഇന്ന് തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ്. 'മൂക്കുത്തി അമ്മൻ പാർട്ട് 2' ആണ് നയൻതാരയുടെ വരാനിരിക്കുന്ന പ്രധാന തമിഴ് ചിത്രം. അതേസയം മോഹൻലാൽ- മമ്മൂട്ടി കോംബോ ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റി'ലും നയൻതാര പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കായികം
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് (നവംബര്‍ 14 മുതല്‍)
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം കൊല്‍ക്കത്തയില്‍ തുടരുന്നു. 2 ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് (നവംബര്‍ 22 മുതല്‍)
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം 22ന് ഗുവാഹത്തിയില്‍ തുടങ്ങും.
കേരളം-മധ്യപ്രദേശ് രഞ്ജി ട്രോഫി (നവംബര്‍ 16-20)
രഞ്ജി ട്രോഫിയില്‍ കേരളം, മധ്യപ്രദേശിനെ നേരിട്ടുകൊണ്ടിരിക്കുന്നു. ഇന്‍ഡോറിലാണ് മത്സരം.
ഓസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പര (നവംബര്‍ 21-ജനുവരി 08)
ഓസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് 21ന് പെര്‍ത്തില്‍ തുടക്കമാകും. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
പാകിസ്ഥാന്‍ ശ്രീലങ്ക-സിംബാബ്‌വെ ത്രിരാഷ്ട്ര ടി20 പരമ്പര (നവംബര്‍ 18-29)
പാകിസ്ഥാന്‍-ശ്രീലങ്ക-സിംബാബ്‌വെ ത്രിരാഷ്ട്ര ടി20 പരമ്പര നവംബര്‍ 18ന് റാവല്‍പിണ്ടിയില്‍ തുടക്കമാകും.
ന്യൂസിലന്‍ഡ്-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര
ന്യൂസിലന്‍ഡ്-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് തുടങ്ങി. അവസാന രണ്ട് ഏകദിനങ്ങള്‍ നവംബര്‍ 19നും 22നും നടക്കും.
വനിതാ ബിഗ് ബാഷ് (നവംബര്‍ 9-ഡിസംബര്‍ 13)
ഓസ്ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ലീഗ് മത്സരങ്ങള്‍ പുരോഗമിക്കുന്നു.
ജന്മദിനങ്ങൾ
നവംബര്‍-18 തിലക് വര്‍മ
നവംബര്‍-22 സ്റ്റീവ് സ്മിത്ത്
ടെക്നോളജി
1. റിയല്‍മി ജിടി 8 പ്രോ നവംബര്‍ 20ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും
റിക്കോ ക്യാമറ സാങ്കേതികവിദ്യയില്‍ ആദ്യമായി റിയല്‍മി അണിയിച്ചൊരുക്കുന്ന ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണാണ് റിയല്‍മി ജിടി 8 പ്രോ. 200 മെഗാപിക്‌സല്‍ ടെലിഫോട്ടോ സെന്‍സര്‍ സഹിതമാണ് ഈ ഫോണ്‍ വരുന്നത്. 7000 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററിയും ഫോണിലുണ്ടാകും.


