മുംബൈ: ശിവസേനയിലേക്ക് ചേക്കേറാനൊരുങ്ങി നടിയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഊര്‍മ്മിള മണ്ഡോദ്ക്കര്‍. 2019ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഊര്‍മ്മിള കോണ്‍ഗ്രസ് വിട്ടിരുന്നു. ഊര്‍മ്മിള തിങ്കളാഴ്ച ശിവസേനയില്‍ ചേരുമെന്നാണ് വിവരമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. ബിജെപി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിയോട് പരാജയപ്പെട്ടിരുന്നു.

ഇതിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുകളും വിമര്‍ശനങ്ങളുമെല്ലാം ഉയര്‍ന്നതോടെ ഊര്‍മ്മിള സജീവ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നു തന്നെ പിന്‍വലിയുകയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രാഥമികാംഗത്വം രാജി വച്ച് ഒരു വര്‍ഷത്തിന് പിന്നാലെയാണ് ഊര്‍മ്മിളയുടെ പുതിയ രാഷ്ട്രീയ നീക്കം. എന്നാല്‍ ഊര്‍മ്മിള ശിവസേനയില്‍ ചേരുന്നതിനേക്കുറിച്ച് ശിവസേന ഇതുവരെ പ്രതികരിച്ചിട്ടില്ല.

2019 സെപ്തംബറിലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 മാര്‍ച്ചിലാണ് ഊര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹമാണ് ഊര്‍മ്മിളയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് അവരുടെ പ്രസ്താവന വിശദമാക്കുന്നത്. മുംബൈ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹത്തിനായാണ് തന്നെ ഉപയോഗിക്കപ്പെടുന്നതെന്ന് രാഷ്ട്രീയവും സാമൂഹ്യപരമായ വിവേകബുദ്ധിയില്‍ വെളിവാകുന്നതെന്നാണ് അവര്‍ പ്രസ്താവനയില്‍ വിശദമാക്കിയത്.  

പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അടുപ്പക്കാര്‍ക്കെതിരെ എഴുതിയ കത്തില്‍ കാര്യമായ നടപടി ഉണ്ടാവാതിരുന്നതാണ് ഊര്‍മ്മിളയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. നേതൃത്വത്തിനുള്ള കത്ത് അണികള്‍ക്കിടയില്‍ മനപ്പൂര്‍വ്വം പ്രചരിപ്പിച്ചതും പാര്‍ട്ടി വിടാന്‍ കാരണമായാണ് വിലയിരുത്തുന്നത്. നേരത്തെ ശിവസേനാ പ്രതിനിധിയായി മഹാരാഷ്ട്ര ലജിസ്‌ളേറ്റീവ് കൗണ്‍സിലില്‍ ഊര്‍മ്മിള അംഗമായിരുന്നു. അടുത്തിടെ നടി കങ്കണാറാണത്തും ശിവസേനാ എംപി സഞ്ജയ് റൗത്തും തമ്മിലുള്ള വഴക്കില്‍ പങ്കാളിയായ ഊര്‍മ്മിള മുംബൈയ്ക്ക് വേണ്ടി ശിവസേനയ്ക്ക് അനുകൂലമായി സംസാരിച്ചിരുന്നു.