ശ്രീനഗര്‍: ശ്രീനഗറില്‍ പുറത്തിറങ്ങുന്ന ഉറുദു ദിനപത്രമായ ആഫഖിന്‍റെ എഡിറ്ററും ഉടമയുമായ ഗുലാം ജീലാനി ഖദ്രിയെ(62) 28 വര്‍ഷം മുമ്പത്തെ കേസില്‍ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി കഴിഞ്ഞെത്തിയ ഖദ്രിയെ വസ്ത്രം മാറാന്‍ പോലും അനുവദിച്ചില്ലെന്ന് വീട്ടുകാര്‍ ആരോപിച്ചു. 28 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ടാഡ കോടതി സമന്‍സ് അയച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഖദ്രിക്കെതിരെ കള്ളക്കേസാണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹത്തെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും സഹോദരന്‍ ആരോപിച്ചു. 
1992ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഖദ്രി ഒളിവിലായിരുന്നെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, എല്ലാ ദിവസവും അദ്ദേഹം ഓഫിസില്‍ പോകുകയും വീട്ടില്‍ തിരിച്ചെത്തുകയും ചെയ്യുന്നുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇദ്ദേഹത്തെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. സര്‍ക്കാര്‍ പുരസ്കാരം നേടിയ പത്രപ്രവര്‍ത്തര്‍ക്കെതിരെ പോലും കേസുണ്ടെന്ന് ഖദ്രിയുടെ സഹോദരന്‍ പറഞ്ഞു.

നിരോധിത സമയത്ത് പത്രം വിതരണം ചെയ്തതിനാണ് ഗുലാം ജീലാനി ഖദ്രി, ഖ്വാജ സനാഉള്ള, ഗുലാം അഹമ്മദ് സോഫി, ഷബാന്‍ വാകില്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഖാദ്രി ഒഴികെ മറ്റുള്ളവരെല്ലാം മരിച്ചു.