മതസ്വാതന്ത്ര്യം പ്രശ്നമായി നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് യുഎസ്‍സിഐആര്‍എഫ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ബഹറെെന്‍, തുര്‍ക്കി ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഭരണത്തിന് കീഴില്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യം ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് യുഎസ് എജന്‍സിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അടക്കം മോദി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയും അനുവദിക്കുകയും ചെയ്യുന്നുവെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്‍സിഐആര്‍എഫ്) വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

മതസ്വാതന്ത്ര്യം പ്രശ്നമായി നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് യുഎസ്‍സിഐആര്‍എഫ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ബഹറെെന്‍, തുര്‍ക്കി ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഈ പട്ടികയില്‍ 174-ാം പേജ് മുതല്‍ 181 വരെയാണ് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

നരേന്ദ്ര മോദിയുടെ പാര്‍ട്ടിയിലെ ചിലര്‍ക്ക് തീവ്ര ഹിന്ദു ഗ്രൂപ്പുകളുമായി ബന്ധമുണ്ട്. പൊതുവായി പോലും ന്യുനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ തീവ്രവികാരമുണര്‍ത്തുന്ന ഭാഷ ഉപയോഗിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പെരുകുകയും അതില്‍ ഇരയാകുന്നവര്‍ക്ക് നീതി ലഭിക്കുന്നുമില്ല.

ബീഫ് കൈവശം വച്ചുവെന്ന ആരോപിച്ചോ നിര്‍ബന്ധിത മത പരിവര്‍ത്തനമെന്ന പേരിലോ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പൊലീസ് അടക്കം നടപടികള്‍ സ്വീകരിക്കുന്നില്ല. അഹിന്ദുക്കളുടെയും ദളിതരുടെയും അഭിപ്രായം പരിഗണിക്കാതെയാണ് ഗോവധ നിരോധന നടപടികള്‍ സ്വീകരിച്ചത്.

സര്‍വെ അടക്കമുള്ള കാര്യങ്ങള്‍ക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനും മറ്റുമുള്ള കാര്യങ്ങള്‍ക്കായി അനുമതി തേടിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചെന്നും യുഎസ്‌സിഐആര്‍എഫ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

യുഎസ്‌സിഐആര്‍എഫ് റിപ്പോര്‍ട്ട് വായിക്കാം