ദില്ലി : അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഫെബ്രുവരിയില്‍ ഗുജറാത്തിലെ സബര്‍മതി സന്ദര്‍ശിക്കും. ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ദില്ലി തെരഞ്ഞെടുപ്പ് റാലിയിലാണ് വിജയ് രൂപാണിയുടെ പ്രഖ്യാപനം. 

ഏഷ്യയിലെ ഏറ്റവും ശുദ്ധിയുള്ള നദിയായി സബര്‍മതി മാറിക്കഴിഞ്ഞ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഉറപ്പുവരുത്തിയത്. ജപ്പാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രിമാര്‍ സബര്‍മതി നദി കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ട്രംപും സബര്‍മതി സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ച വിജയ് രൂപാണി സന്ദര്‍ശന തിയതിയ്ക്കുറിച്ച് പറഞ്ഞില്ല. 

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാവും ട്രംപ് ഇന്ത്യയിലെത്തുകയെന്നാണ് സൂചന. ഫെബ്രുവരി അവസാന ആഴ്ചകളിലാവും അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സന്ദര്‍ശനമെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ വര്‍ഷം റിപബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ട്രംപിനെ ക്ഷണിച്ചിരുന്നു. 

ഞാന്‍ അവിടെ ചെല്ലണമെന്ന് നരേന്ദ്രമോദി ആഗ്രഹിക്കുന്നുണ്ടെന്നും ഒരിക്കല്‍ അവിടെ പോകുമെന്നു ട്രംപ് കഴിഞ്ഞ നവംബറില്‍ പ്രതികരിച്ചിരുന്നു. ഇംപീച്ച്മെന്‍റുമായി ബന്ധപ്പെട്ട് യുഎസ് സെനറ്റിന്‍റെ വിചാരണയുടെ പുരോഗതി അനുസരിച്ചാവും ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ തിയതികള്‍ പ്രഖ്യാപിക്കുക.