വാഷിംഗ്‍ടൺ: ബഹിരാകാശത്ത് ഉപഗ്രഹം തകർത്ത് പരീക്ഷണം നടത്തിയ ഇന്ത്യയുടെ നടപടിയെ വിമർശിച്ച് അമേരിക്ക. ബഹിരാകാശത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. 

''ഇത്തരം പരീക്ഷണങ്ങൾ എല്ലാവരും നടത്താൻ തുടങ്ങിയാൽ എന്തു ചെയ്യും? ബഹിരാകാശം എല്ലാവരുടേതുമാണ്. അതിനെ അവശിഷ്ടങ്ങൾ നിറച്ച് മലിനപ്പെടുത്തരുത്. ഇത്തരം പരീക്ഷണങ്ങൾ നടത്തുമ്പോൾ ലോകത്തെ മൊത്തം ആലോചിക്കണം.'', അമേരിക്കൻ പ്രതിരോധസെക്രട്ടറി പാട്രിക് ഷനാഹൻ പറഞ്ഞു. 

പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യ തകർത്ത ഉപഗ്രഹത്തിന്‍റെ 250 അവശിഷ്ടങ്ങളെ പെന്‍റഗൺ നിരീക്ഷിക്കുകയാണ്. അന്തരീക്ഷത്തിലേക്ക് അത് തിരികെ വീഴുകയാണെങ്കിൽ അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് അമേരിക്ക അറിയിക്കണം. 

ചാര ഉപഗ്രഹങ്ങളെയടക്കം നിരീക്ഷിച്ച് ആവശ്യമെങ്കിൽ തകർക്കാനാണ് എ-സാറ്റ് എന്ന സാങ്കേതിക വിദ്യ ഇന്ത്യ പരീക്ഷിച്ചത്. 'മിഷൻ ശക്തി' എന്ന പദ്ധതി വിജയമാണെന്ന് മാർച്ച് 27-ന് പ്രധാനമന്ത്രി അപ്രതീക്ഷിതമായി തത്സമയപ്രസ്താവന നടത്തിയിരുന്നു. 

ഭ്രമണപഥത്തിലുള്ള ശത്രുവിന്‍റെ ചാര ഉപഗ്രഹങ്ങളെയോ, തന്ത്ര പ്രധാന ഉപഗ്രഹങ്ങളെയോ മിസൈലുപയോഗിച്ച് തകർക്കുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ശത്രു ഉപഗ്രഹത്തിന്‍റെ ചലനം നിരീക്ഷിച്ച് ആ ഉപഗ്രഹത്തിന്‍റെ ഭ്രമണപഥത്തിലേക്ക് മിസൈൽ തൊടുക്കുകയാണ് രീതി. കണക്കുകൂട്ടലുകൾ കൃത്യമാണെങ്കിൽ ഉപഗ്രഹം തകർക്കപ്പെടും.

എന്നാൽ ഈ പരീക്ഷണം പുതിയതായിരുന്നില്ല. 1958-ൽ അമേരിക്കയാണ് ASAT അഥവാ ആന്‍റി സാറ്റലൈറ്റ് മിസൈൽ ആദ്യമായി പരീക്ഷിക്കുന്നത്. തൊട്ടുപിന്നാലെ 1964ൽ  സോവിയറ്റ് യൂണിയൻ ഈ സാങ്കേതിക വിദ്യ സ്വായത്തമാക്കി. 1988-ൽ അമേരിക്ക ഈ പദ്ധതി ഔദ്യോഗികമായി അവസാനിപ്പിക്കുകയും ചെയ്തു. ഇത്തരം സാങ്കേതികവിദ്യ കയ്യിലുണ്ടെങ്കിലും അത് ബഹിരാകാശത്ത് പരീക്ഷിക്കുക പതിവില്ല. പരീക്ഷണത്തിന്‍റെ അവശിഷ്ടങ്ങൾ ബഹിരാകാശത്ത് തന്നെ ഭൂമിയെ വലംവയ്ക്കുമെന്നും ഇത് മലിനീകരണത്തിന് ഇടയാക്കുമെന്നതുമാണ് കാരണം.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയും രംഗത്തുവരുന്നത്. എന്നാൽ ഈ അവകാശവാദം തെറ്റാണെന്നാണ് ഇന്ത്യ പറയുന്നത്. എന്താണ് എ-സാറ്റ് എന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം ഇന്നലെ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. പരീക്ഷണം നടത്തിയത് ഭൂമിയുടെ 160 കിലോമീറ്റർ മുതൽ രണ്ടായിരം കിലോമീറ്റർ വരെ ഉയരത്തിൽ പൂർണ്ണവൃത്താകൃതിയിലുള്ള ഭ്രമണപഥമായ ലോ എർത്ത് ഓർബിറ്റിലാണെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഇതിന്‍റെ അവശിഷ്ടങ്ങൾ തിരികെ ഭൂമിയിലേക്ക് പതിക്കുമെന്നാണ് ഇന്ത്യയുടെ അവകാശവാദം. എന്നാൽ ഇത് തെറ്റാണെന്നാണ് അമേരിക്ക പറയുന്നത്. 

എന്താണ് ഈ ഉപഗ്രഹവേധ മിസൈൽ? അതിന്‍റെ മറുപുറം എന്ത്? സയൻസ് ഡസ്‍കിൽ നിന്ന് അരുൺ അശോകനും അരുൺ രാജും സംസാരിക്കുന്നു: വീഡിയോ കാണാം. 

Read More: ഉപഗ്രഹ വേധ മിസൈലുകളുടെ ചരിത്രത്തിലൂടെ; എ സാറ്റ് പുതിയ സാങ്കേതിക വിദ്യയാണോ?