Asianet News MalayalamAsianet News Malayalam

ഉപഗ്രഹ വേധ മിസൈലുകളുടെ ചരിത്രത്തിലൂടെ; എ സാറ്റ് പുതിയ സാങ്കേതിക വിദ്യയാണോ?

കാലാവധി പൂർത്തിയാക്കുന്ന മോദി സര്‍ക്കാരിന്‍റെ അവസാനത്തെ സ‍ർപ്രൈസ് ആണ് "മിഷൻ ശക്തി". കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ധാരാളം വമ്പൻ പ്രഖ്യാപനങ്ങൾ ബഹിരാകാശ ഗവേഷണ രംഗത്ത് നടത്തിയിട്ടുണ്ടെങ്കിലും മോദി ഭരണകാലത്തെ ഇന്ത്യയുടെ ബഹിരാകാശ നേട്ടം എന്ന് പറ‍ഞ്ഞ് ഉയർത്തിക്കാട്ടാൻ ഒരു പദ്ധതിയില്ലായിരുന്നു.

the history of anti satellite missiles
Author
Delhi, First Published Mar 27, 2019, 3:35 PM IST

" കുറച്ചു സമയം മുമ്പ്, നമ്മുടെ ശാസ്ത്രജ്ഞർ ഒരു ലോ എർത്ത് ഓർബിറ്റ് (LEO )  സാറ്റലൈറ്റിനെ A -SAT മിസൈൽ വഴി തകർക്കുന്നതിൽ വിജയിച്ചിരിക്കുന്നു " 

ഇന്ന് ഉച്ചയ്ക്ക്  രാജ്യത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്.എന്താണ് ഈ ഉപഗ്രഹവേധ മിസൈൽ, എന്താണ് ഈ ലോ എർത്ത് ഓർബിറ്റ്, അവിടെ നിന്ന് ഒരു ഉപഗ്രഹത്തെ തകര്‍ക്കുന്നത് ഒരു വലിയ സംഭവമാണോ? ഈ സാങ്കേതിക വിദ്യ പണ്ടേ നമ്മുടെ കയ്യിലുണ്ടായിരുന്നോ ? ചോദ്യങ്ങൾ ധാരാളമുണ്ട് 

എന്താണ് ലോ എർത്ത് ഓർബിറ്റ് ?

ഭൂമിയിൽ നിന്ന്  160 കിലോമീറ്റർ മുതൽ രണ്ടായിരം കിലോമീറ്റർ വരെ ഉയരത്തിൽ പൂർണ്ണവൃത്താകൃതിയിലുള്ള ഭ്രമണപഥങ്ങളാണ് ലോ എ‌ർത്ത് ഓർബിറ്റുകൾ, മറ്റ് ‌ഭ്രമണപഥങ്ങളിൽ ഒരു ഉപഗ്രഹം സ്ഥാപിക്കുന്നതിനേക്കാൾ കുറവ് ഊർജ്ജം മാത്രമേ ഇവിടെ ഉപഗ്രഹങ്ങൾ എത്തിക്കാൻ ആവശ്യമുള്ളൂ. നാസയുടെ അപ്പോളോ പര്യവേക്ഷണങ്ങൾ ഒഴിച്ച് നിർത്തിയാൽ ഇതുവരെ മനുഷ്യർ സഞ്ചരിച്ചിട്ടുള്ളത് ഈ ഭ്രമണപഥത്തിൽ മാത്രമാണ്. ഇന്‍റർനാഷണൽ സ്പേസ് സ്റ്റേഷൻ അടക്കം ഈ ഭ്രമണപഥത്തിലാണ് സ്ഥിതി ചെയ്യുന്നത്.  ഭൂമിയിൽ നിന്ന് 330 കിലോ മീറ്റർ മുതൽ 420 കിലോമീറ്റർ വരെ ദൂരമുള്ള ഭ്രമണപഥത്തിലാണ് സ്പേസ് സ്റ്റേഷൻ സഞ്ചരിക്കുന്നത്. പ്രസിദ്ധമായ ഹബിൾ സ്പേസ് ടെലിസ്കോപ്പും  (540കിലോ മീറ്റർ ), ചൈനയുടെ ടിയാങ്ങ് ഗോങ് 2 സ്പേസ് സ്റ്റേഷനും ലോ എ‌ർത്ത് ഓ‌ർബിറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ചാര ഉപഗ്രഹങ്ങളും വിവരസാങ്കേതിക ഉപഗ്രഹങ്ങളുമെല്ലാം ഈ ഭ്രമണപഥത്തിലാണ് എന്നതും ശ്രദ്ധേയം. ബഹിരാകാശത്തെ എറ്റവും മലിനമായ മേഖല കൂടിയാണ് ഇത്, നിരന്തരം നടത്തുന്ന വിക്ഷേപണങ്ങളുടെ അവശിഷ്ടങ്ങളെല്ലാം ഇവിടെയാണ് അടിഞ്ഞു കൂടിയിരിക്കുന്നത്. 

എന്താണ് ഉപഗ്രഹ വേധ മിസൈൽ ?

ഭ്രമണപഥത്തിലുള്ള ശത്രുവിന്‍റെ ചാര ഉപഗ്രഹങ്ങളെയോ, തന്ത്ര പ്രധാന ഉപഗ്രഹങ്ങളെയോ മിസൈലുപയോഗിച്ച് തകർക്കുക. ശത്രു ഉപഗ്രഹത്തിന്‍റെ ചലനം നിരീക്ഷിച്ച് ആ ഉപഗ്രഹത്തിന്‍റെ ഭ്രമണപഥത്തിലേക്ക് മിസൈൽ തൊടുക്കുകയാണ് രീതി. കണക്കുകൂട്ടലുകൾ കൃത്യമാണെങ്കിൽ ഉപഗ്രഹം തകർക്കപ്പെടും.  ഭാവിയുടെ യുദ്ധമുഖങ്ങളിലൊന്ന് ബഹിരാകാശമാകുമെന്ന് വിശ്വസിക്കപ്പെടുന്ന കാലത്ത് ഇത്തരം സാങ്കേതിക വിദ്യകളും ആയുധങ്ങളും ഏറെ പ്രധാനമാണ്. 

ഉപഗ്രഹ വേധ മിസൈൽ ഒരു പുതിയ കണ്ടു പിടുത്തമാണോ ?

അല്ല എന്ന് ഒറ്റവാക്കിൽ പറയാം. 1958 ൽ അമേരിക്കയാണ് ASAT അഥവാ ആന്‍റി സാറ്റലൈറ്റ് മിസൈൽ ആദ്യമായി പരീക്ഷിക്കുന്നത്. തൊട്ടുപിന്നാലെ 1964ൽ  സോവിയറ്റ് യൂണിയൻ ഈ സാങ്കേതിക വിദ്യ സ്വായക്തമാക്കി. 1988 ൽ അമേരിക്ക ഈ പദ്ധതി ഔദ്യോഗികമായി അവസാനിപ്പിക്കുകയും ചെയ്തു.  2007ൽ ചൈന ഉപഗ്രഹ വേധ സംവിധാനം പരീക്ഷിച്ചതോടെയാണ് ഇന്ത്യ ഇതിനെ പറ്റി ഗൗരവകരമായി ചിന്തിച്ച് തുടങ്ങുന്നത്. പിന്നീട് 2015ൽ റഷ്യ ആധുനിക ഉപഗ്രഹ വേധ മിസൈൽ പരീക്ഷിച്ചതായിരുന്നു അവസാനത്തേത്. 

ഇന്ത്യ എപ്പോൾ തുടങ്ങി ?

ചൈന ഈ മേഖലയിൽ കഴിവ് തെളിയച്ചത് മുതൽ ഇന്ത്യയും ഇതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. 2010  ജനുവരിയിൽ തിരുവനന്തപുരത്ത് വച്ച് നടന്ന 97ആം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽ വച്ചാണ് അന്നത്തെ DRDO ഡയറക്ടർ ജനറൽ രൂപേഷ് ഇന്ത്യയുടെ ഉപഗ്രഹ വേധ സാങ്കേതിക വിദ്യാ നിർമ്മാണത്തെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തുന്നത്. അതേ വർഷം ഫെബ്രുവരിയിൽ ഇന്ത്യക്ക് ഒരു ഉപഗ്രഹ വേധ മിസൈൽ നിർമ്മിക്കേണ്ട എല്ലാ അടിസ്ഥാന സാങ്കേതിക വിദ്യയും ഉണ്ടെന്നും അവ സംയോജിപ്പിക്കുക മാത്രമാണ് വേണ്ടതെന്നും പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ വി കെ സാരസ്വത് പറഞ്ഞത് വലിയ വാർത്തയായിരുന്നു.  ചുരുക്കി പറഞ്ഞാൽ എട്ടു കൊല്ലം മുമ്പ് തന്നെ ഇതിനാവശ്യമായ സാങ്കേതിക വിദ്യ ഇന്ത്യയുടെ പക്കലുണ്ട്.

ഇപ്പോഴത്തെ പ്രഖ്യാപനം

കാലാവധി പൂർത്തിയാക്കുന്ന മോദി സര്‍ക്കാരിന്‍റെ അവസാനത്തെ സ‍ർപ്രൈസ് ആണ് "മിഷൻ ശക്തി". കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ധാരാളം വമ്പൻ പ്രഖ്യാപനങ്ങൾ ബഹിരാകാശ ഗവേഷണ രംഗത്ത് നടത്തുകയും ഗഗൻയാൻ അടക്കമുള്ള പദ്ധതികൾക്കായി വൻതോതിൽ ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മോദി ഭരണകാലത്തെ ഇന്ത്യയുടെ ബഹിരാകാശ നേട്ടം എന്ന് പറ‍ഞ്ഞ് ഉയർത്തിക്കാട്ടാൻ ഒരു പദ്ധതിയില്ല. മംഗൾയാൻ ലക്ഷ്യം കണ്ടത് 2014 സെപ്റ്റംബറിലാണെങ്കിലും വിഭാവനം ചെയ്യപ്പെട്ടതും പൂർത്തീകരിച്ചതും വിക്ഷേപിച്ചതുമെല്ലാം മോദിക്ക് മുമ്പാണ്. അതിനൊപ്പം തലപ്പൊക്കം നേടാൻ ചാന്ദ്രയാൻ 2 മാത്രമാണ് മോദിക്ക് മുമ്പിൽ ഉണ്ടായിരുന്നത്. കാത്തിരിക്കുന്ന ആ വിക്ഷേപണം ഇനി ഏപ്രിലിലേ ഉണ്ടാകൂ എന്നാണ് റിപ്പോർട്ട്. ചുരുക്കി പറഞ്ഞാൽ മോദിയുടെ കാലത്ത് ഇന്ത്യ ബഹിരാകാശത്ത് സൃഷ്ടിച്ച അത്ഭുതം എന്ന് ആഘോഷിക്കാൻ മിഷൻ ശക്തി മാത്രം. 

Follow Us:
Download App:
  • android
  • ios