ശബരിമല തീർത്ഥാടനം പൂർത്തിയാക്കി മടങ്ങുകയായിരുന്ന ശ്രീലങ്കൻ ഭക്തരുമായി യുഎസ് വ്ലോഗർ സംസാരിക്കുന്ന വീഡിയോ വൈറൽ. കറുത്ത വസ്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 48 ദിവസത്തെ കഠിനവ്രതം, 54 കിലോമീറ്റർ നഗ്നപാദരായി നടന്നതും ഭക്തർ വീഡിയോയിൽ വിശദീകരിക്കുന്നു

തിരുവനന്തപുരം: നഗ്നപാദരായി 54 കിലോമീറ്റർ നടന്ന് ശബരിമല തീർത്ഥാടനം പൂർത്തിയാക്കിയ അയ്യപ്പ ഭക്തരുടെ സംഘത്തോട് സംസാരിക്കുന്ന യുഎസ് വ്ലോഗറുടെ വീഡിയോ വൈറലാകുന്നു. @jaystreazy എന്ന യുഎസ് ടൂറിസ്റ്റ് വ്ലോഗറായ ജെയ് അയ്യപ്പ ഭക്തരെ കണ്ടപ്പോഴുള്ള വീഡിയോയിലാണ് ശബരിമലയുടെ പ്രാധാന്യം വിശ്വാസികളിൽ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നത്. വീഡിയോ ചിത്രീകരിച്ച സ്ഥലവും സമയവും വ്യക്തമല്ലെങ്കിലും ശ്രീലങ്കയിൽ നിന്ന് കേരളത്തിലെത്തി ശബരിമല ദർശനം പൂർത്തിയാക്കി മടങ്ങിയവരുമായാണ് ജെയ് സംസാരിച്ചത്.

കറുപ്പ് വസ്ത്രം ധരിച്ച സംഘത്തെ വഴിയിൽ കണ്ടാണ് ജയ് കൗതുകത്തോടെ ഇവരോട് സംസാരിച്ചത്. നിങ്ങളെല്ലാവരും എന്തിനാണ് കറുത്ത വസ്ത്രം ധരിക്കുന്നതെന്നായിരുന്നു ജയ് ആദ്യം ഇവരോട് ചോദിച്ചത്. നിങ്ങൾക്ക് ശബരിമല അറിയാമോ? എന്ന് അയ്യപ്പ ഭക്തരിൽ ഒരാൾ മറുചോദ്യം ചോദിച്ചു. അത് കേരളത്തിലെ ഒരു സ്ഥലമാണെന്ന് ഈ ഭക്തൻ്റെ മറുപടി കേട്ട്, 'അവിടെ എല്ലാവരും കറുപ്പ് വസ്ത്രമാണോ ധരിക്കുന്നത്?' എന്നായി യുഎസ് വ്ലോഗറുടെ സംശയം.

തീർത്ഥാടനവുമായി ബന്ധപ്പെട്ട സാംസ്കാരിക പാരമ്പര്യമാണിതെന്നും 48 ദിവസം വ്രതമെടുത്ത് ചെരിപ്പ് ധരിക്കാതെ നടന്നു, കിടക്കയില്ലാതെ തറയിൽ കിടന്നും സസ്യാഹാരം മാത്രം കഴിച്ചും നടത്തിയ യാത്രയെ കുറിച്ച് അയ്യപ്പ ഭക്തർ ഓരോരുത്തരായി പിന്നീട് വിശദീകരിക്കുന്നുണ്ട്. പിന്നാലെ ഇത് ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും ഒരു ഭക്തൻ പറയുന്നു. തങ്ങളുടെ യാത്ര പൂർത്തിയായെന്നും 54 കിലോമീറ്റർ ദൂരം നഗ്നപാദരായി നടന്നുവെന്നും പറയുന്ന ഭക്തർ തങ്ങൾ ശ്രീലങ്കയിൽ നിന്നുള്ളവരാണെന്നും അമേരിക്കൻ വ്ലോഗറുടെ ചോദ്യത്തിന് മറുപടി നൽകുന്നുണ്ട്.

വീഡിയോ ഇവിടെ കാണാം

View post on Instagram