പൂനെ: ഇന്ത്യയിലെത്തിയ അമേരിക്കന്‍ വംശജ ബുര്‍ഗ ധരിച്ച ഡോക്ടറെ അപമാനിച്ചതായി പരാതി. മുസ്ലീം ആണോ എന്ന് ചോദിച്ചതിന് ശേഷം മോശമായി സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്നാണ് 27കാരിയായ ഡോക്ടര്‍ നല്‍കിയിരിക്കുന്ന പരാതി. 

മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം നടന്നത്. രണ്ട് പേരും പൂനെയിലെ ക്ലവര്‍ സെന്‍റര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു. ബുര്‍ഗ ധരിച്ച യുവതിയെ കണ്ടതും മുസ്ലീം ആണോ എന്ന് അമേരിക്കന്‍ സ്വദേശി ചോദിച്ചു. അതേ എന്ന് മറുപടി നല്‍കിയതും അവര്‍ ഡോക്ടറെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

സംഭവം യുഎസ് എംബസിയെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവം അന്വേഷിക്കാന്‍ വിളിച്ച പൊലീസുകാരോടും ഫോണിലൂടെ യുവതി ചീത്തവിളിച്ചുവെന്നും യുഎസ് എംബസി അധികൃതര്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴും ചീത്തവിളിക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം അമേരിക്കന്‍ വംശജയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും ഇതിനായുള്ള ചികിത്സയ്ക്കായി എത്തിയതാണെന്നുമാണ് ലഭിക്കുന്ന വിശദീകരണം.