Asianet News MalayalamAsianet News Malayalam

'കഴിഞ്ഞ വര്‍ഷം കുറഞ്ഞ വിലക്ക് വാങ്ങിയ എണ്ണ ഉപയോഗിക്കൂ'; ഇന്ത്യയോട് സൗദി

എണ്ണ വിലയില്‍ വര്‍ധനവൊഴിവാക്കാന്‍ ഉല്‍പാദന നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ആഗോളമായി സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തെ ഇന്ധന വില വര്‍ധനവ് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
 

use cheap oil it bought last year; saudi to India
Author
New Delhi, First Published Mar 5, 2021, 10:47 PM IST

ദില്ലി: അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില ഉയരുന്നത് പിടിച്ചു നിര്‍ത്താന്‍ ഉല്‍പാദന നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി ഒപെക് രാജ്യങ്ങള്‍. കഴിഞ്ഞ വര്‍ഷം കുറഞ്ഞ വിലക്ക് വാങ്ങിയ എണ്ണ ഉപയോഗിക്കാന്‍ സൗദി അറേബ്യ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന് ഒരു ശതമാനം വില ഉയര്‍ന്ന് 67.44 ഡോളറില്‍ എത്തിയിരുന്നു. ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് വില വീണ്ടും വര്‍ധിച്ചത്.

എണ്ണ വിലയില്‍ വര്‍ധനവൊഴിവാക്കാന്‍ ഉല്‍പാദന നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ആഗോളമായി സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തെ ഇന്ധന വില വര്‍ധനവ് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം കുറഞ്ഞ വിലക്ക് വാങ്ങിയ ഇന്ധനം ഉപയോഗിക്കാന്‍ സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍അസീസ് ബിന്‍ സല്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2020 ഏപ്രില്‍-മെയ് മാസങ്ങളില്‍ 16.71 ദശലക്ഷം ബാരല്‍ ക്രൂഡ് ഇന്ത്യ വാങ്ങിയിട്ടുണ്ട്. ശരാശരി 19 ഡോളറാണ് ആ സമയത്തെ ബാരല്‍ വില. രാജ്യത്തെ ഇന്ധന വില ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. പെട്രോളിന് ശരാശരി 93 രൂപയാണ് വില. കൊവിഡ് പ്രതിസന്ധിക്ക് മുമ്പുള്ള എണ്ണ ഉപഭോഗത്തിന് സമാനമാണ് ഇപ്പോഴത്തെ ഉപഭോഗമെന്നും മന്ത്രി പറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധി അവസാനിച്ചാല്‍ എണ്ണ ഉല്‍പാദനം പഴയപടിയാകുമെന്ന് ഒപെക് രാജ്യങ്ങള്‍ പറഞ്ഞിരുന്നെങ്കിലും ഉല്‍പാദനം സാധാരണ നിലയില്‍ ആയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios