പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും മുമ്പ് പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ യോഗി ആദിത്യനാഥിന് കേന്ദ്രനേതൃത്വം നിർദ്ദേശം നൽകി
ദില്ലി: ഉത്തർ പ്രദേശിൽ പിന്നാക്ക വിഭാഗത്തിലെ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടതിന്റെ തിരിച്ചടി മറികടക്കാൻ ബിജെപി (BJP) നീക്കം തുടങ്ങി. ഉത്തർപ്രദേശിൽ മൂന്നു ദിവസത്തിൽ എൻഡിഎ വിട്ടത് പതിനഞ്ച് എംഎൽഎമാരാണ്. ഇതു നൽകിയ തിരിച്ചടി മറികടക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും മുമ്പ് പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ യോഗി ആദിത്യനാഥിന് കേന്ദ്രനേതൃത്വം നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി ഗൊരഖ്പൂരിൽ ഒരു ദളിത് കുടുംബത്തിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭക്ഷണം കഴിച്ചു. എന്നാൽ പാർട്ടി വിട്ടവരെക്കുറിച്ച് പ്രതികരിക്കാൻ യോഗി തയ്യാറായില്ല. കുടുംബവാഴ്ചയിൽ വിശ്വസിക്കുന്നവർക്ക് ആർക്കും നീതി ഉറപ്പാക്കാൻ കഴിയില്ല എന്നായിരുന്നു യോഗിയുടെ പ്രതികരണം
അതേ സമയം, ബിജെപിക്കെതിരെ ചെറിയ പാർട്ടികളെ എല്ലാം ഉൾപ്പെടുത്തി വിശാല സഖ്യത്തിനാണ് അഖിലേഷ് യാദവ് തയ്യാറെടുക്കുന്നത്. ബിജെപി വിട്ടവർ ഇന്ന് സമാജ് വാദി പാർട്ടിയിൽ ചേർന്നു. ഭീം ആർമി നേതാവ് ചന്ദ്രശേഖ ആസാദും എസ്പി ആസ്ഥാനത്ത് എത്തി.
എസ് പി നീക്കത്തെ മുതിർന്ന ബിജെപി നേതാക്കളെ എല്ലാം മത്സര രംഗത്തിറക്കി തടയാനാണ് ബിജെപി ആലോചിക്കുന്നത്. യോഗി ആദിത്യനാഥിനൊപ്പം കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ്മ എന്നിവരും ഇത്തവണ മത്സരിക്കും. ഇതിനിടെ മകന് സീറ്റു നൽകിയില്ലെങ്കിൽ പാർട്ടി വിടും എന്ന സൂചന കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ റീത്ത ബഹുഗുണ ജോഷി എംപിയും നല്കിയെന്ന റിപ്പോർട്ടുണ്ട്. എന്തായാലും ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള നടപടി തുടങ്ങുമ്പോൾ ബിജെപിയോട് ഇഞ്ചോടിഞ്ച് മത്സരത്തിനുള്ള സാഹചര്യം ഒരുക്കാൻ അഖിലേഷ് യാദവിന് കഴിഞ്ഞ മൂന്നു ദിവസത്തെ നീക്കങ്ങളിലൂടെ കഴിഞ്ഞു.
