Asianet News MalayalamAsianet News Malayalam

ലഖിംപൂർ ഖേരി: കർഷകരുടെ മൃതദ്ദേഹവുമായി ഉപരോധം; പ്രിയങ്ക അറസ്റ്റിൽ, ചന്ദ്രശേഖറും അഖിലേഷും കസ്റ്റഡിയിൽ

കർഷകർക്ക് കൂടുതൽ നേതാക്കൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാനായി ലഖിംപൂർ ഖേരിയിലേക്ക് പോയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ്  അറസ്റ്റ് ചെയ്തു.

Uttar Pradesh lakhimpur kheri farmers protest with dead body
Author
Delhi, First Published Oct 4, 2021, 8:56 AM IST

ദില്ലി: ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകർ (farmers death) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധമിരമ്പുന്നു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ മൃതദ്ദേഹവുമായി (lakhimpur Kheri) കർഷകർ റോഡ് ഉപരോധിക്കുകയാണ്. ദില്ലി യുപി ഭവന്റെ മുന്നിലേക്ക് കർഷകസംഘടനകൾ മാർച്ച് പ്രഖ്യാപിച്ചു. 11 മണിക്കാണ് പ്രതിഷേധ മാർച്ച് നടക്കുക. പ്രദേശത്തെ വൻ പൊലീസ് സന്നാഹമുണ്ട്. കർഷക പ്രതിഷേധം കണക്കിലെടുത്ത് ഗാന്ധി പ്പൂരിലെ ദേശീയപാതയിലൂടെയുള്ള ഗതാഗതം താൽകാലികമായി നിർത്തിവച്ചു. 

അതിനിടെ കർഷകർക്ക് കൂടുതൽ നേതാക്കൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാനായി ലഖിംപൂർ ഖേരിയിലേക്ക് പോയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ലഖ്നൌവിൽ പ്രിയങ്കയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് നടന്ന്  ലഖിംപൂർഖേരിയിലേക്ക് നടന്ന് പോകാനായിരുന്നു പ്രിയങ്കയുടെ നീക്കം. പിന്നാലെയാണ് പ്രിയങ്ക അറസ്റ്റ് ചെയ്യപ്പെട്ടത്. യൂത്ത് കോൺഗ്രസും യുപി കോൺഗ്രസും ഇക്കാര്യം സ്ഥിരീകരിച്ചു. പ്രിയങ്കയെ സീതാപൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. 

സ്ഥലത്തേക്ക് എത്തുമെന്ന് കരുതിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭൂപേഷ് ബാഗലിന്റെ വിമാനത്തിന് ലക്നൗവിൽ ഇറങ്ങാൻ അനുമതി നൽകിയില്ല. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും എസ്പി നേതാക്കളെയും വീടിന് പുറത്തിറങ്ങാൻ പൊലീസ് അനുവദിക്കുന്നില്ല.  അഖിലേഷിന്റെ വസതിക്ക് മുന്നിൽ പൊലീസ് സന്നാഹമുണ്ട്. സ്ഥിതി മെച്ചപ്പെടാതെ നേതാക്കളെ ലഖിംപുർ ഖേരിയിൽ എത്താൻ അനുവദിക്കില്ലന്നാണ് യുപി പൊലീസ് നിലപാട്. പൊലീസ് നിലപാട് കടുപ്പിച്ചതോടെ അഖിലേഷിന്റെ വീടിന് മുന്നിൽ എസ് പി പ്രവർത്തകർ പ്രതിഷേധിക്കുകയാണ് അഖിലേഷ് യാദവിൻറെ വീട്ടിനു മുന്നിൽ പൊലീസ് വാഹനം കത്തിച്ചു. 

സംഘർഷങ്ങളിൽ നടപടി ആവശ്യപ്പെട്ട് ബിജെപി എംപി വരുൺ ഗാന്ധി യോഗി ആദിത്യനാഥിന് കത്തയച്ചു. മരിച്ച കർഷകർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും നടപടി വേണമെന്നുമാണ് കത്തിൽ പറയുന്നത്. 

ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിമാ‍ര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി നാല് കര്‍ഷകർ ഉൾപ്പെടെ 8 പേരെയാണ് കൊലപ്പെടുത്തിയത്. സംഘർഷത്തിൽ പരിക്കേറ്റ പ്രാദേശിക മാധ്യമപ്രവർത്തകൻ രാം കശ്യപ് ഇന്ന് ആശുപത്രിയിലും മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 9 ആയി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്കും 14 പേർക്കുമെതിരെ കേസെടുത്തു. കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നിർഭാഗ്യകരമായെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.

ലഖിംപൂർ ഖേരിയിൽ നടന്നത്

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഖിംപൂര്‍ ഖേരി കേന്ദ്രീകരിച്ച് നാളുകളായി കര്‍ഷകര്‍ പ്രതിഷേധിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, കേന്ദ്രസഹമന്ത്രിയും സ്ഥലം എംപിയുമായ അജയ് മിശ്ര എന്നിവര്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് പ്രതിഷേധം അറിയിച്ച് കര്‍ഷകര്‍ എത്തി. ഉപമുഖ്യമന്ത്രിക്ക് ഇറങ്ങാന്‍ തയ്യാറാക്കിയ ഹെലിപാഡില്‍ ട്രാക്ടറുകള്‍ കയറ്റിയിട്ട് കര്‍ഷകര്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ നിരവധി വാഹനങ്ങളും അഗ്നിക്കിരയായി. ഇതിനിടെയാണ് കേന്ദ്രസഹമന്ത്രിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇടിച്ച് കയറിയത്. കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ  മകന്‍ ആശിഷ് മിശ്ര ഓടിച്ചിരുന്ന വാഹനമാണ് കര്‍ഷകരെ ഇടിച്ച് വീഴ്ത്തിയതെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഈ സമയത്തെല്ലാം പൊലീസ് കാഴ്ചക്കാരെ പോലെ നില്‍ക്കുകയായിരുന്നുവെന്നും കര്‍ഷക സംഘടനകള്‍ ആരോപിച്ചു. കർഷകർ നൽകിയ പരാതിയിൽ ഇന്ന് പൊലീസ് കേസ് എടുത്തു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്കും 14 പേർക്കുമെതിരെയാണ് കേസ് എടുത്തത്. 

 

Follow Us:
Download App:
  • android
  • ios