ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിലെ പ്രളയ മേഖലയിൽ രക്ഷാപ്രവർത്തനം ഇന്നും തുടരും. കൂടുതൽ സംഘങ്ങൾ ഇന്ന് സ്ഥലത്തെ തെരച്ചിലിനെത്തും. അണക്കെട്ടിലെ രണ്ടാമത്തെ sണലിൽ രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ജലനിരപ്പ് ഉയർന്നതിനാൽ രക്ഷാപ്രവർത്തനം നിർത്തിവച്ചു. 30 പേരോളം ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്. 170 പേരെ കൂടെയാണ് ഇനി കണ്ടെത്താനുള്ളത്.

മണ്ണും ചെളിയും നീക്കാൻ പ്രളയമേഖലയിലേക്ക് മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചു. ടണലിലെ ചെളി നീക്കി രക്ഷാപ്രവർത്തനം നടത്താനാണ് തീരുമാനം. ഡെറാഡൂണിൽ എത്തിയ രക്ഷാപ്രവർത്തക വിദഗ്ധരെ രാവിലെയോടെ വ്യോമ മാർഗം  ചമോലിയിൽ എത്തിക്കും. സംഭവിച്ചത് മഞ്ഞിടിച്ചിൽ തന്നെയാണോ എന്ന് പരിശോധിക്കാൻ വിദഗ്ധർ ഇന്ന് എത്തും. ഉത്തരാഖണ്ഡിൽ ഉണ്ടായത് ഗ്ലോഫ് ആണോ മഞ്ഞിടിച്ചിൽ ആണോ എന്നതിലാണ് സംശയം.  ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായത് പൊട്ടുന്നതാണ് ഗ്ലോഫ്. ഡെറാഡൂണിലെ വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി ഇന്ന് രണ്ട് സംഘത്തെ അയക്കും. പ്രാഥമിക സാറ്റലൈറ്റ് പരിശോധനയിൽ ഗ്ലോഫ് കണ്ടെത്താനായില്ല. കൂടുതൽ വ്യക്തതയുള്ള സാറ്റ് ലൈറ്റ് ചിത്രങ്ങൾ വിദഗ്ധർ പരിശോധിക്കുന്നുണ്ട്.

നദിയിലെ വെള്ളം ഉയരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാണ്. വൈദ്യുതി പദ്ധതിയുടെ തുരങ്കങ്ങളിലൊന്നിലാണ് 30 പേർ ഇപ്പോഴും കുടുങ്ങികിടക്കുന്നതെന്നാണ് വിവരം. ആറു ഗ്രാമങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അഞ്ച് പാലങ്ങൾ ഒലിച്ചു പോയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ കാണാതായവരിൽ രണ്ടു പൊലീസുകാരും ഉൾപ്പെടുന്നതായാണ് വിവരം.