ഉത്തരാഖണ്ഡ്: സാധാരണ മുന്തിയ ഇനം നായകളെയാണ് പൊലീസിലേക്ക് തെരഞ്ഞെടുത്ത് പൊലീസ് നായ ആകാൻ പരിശീലനം നൽകുന്നത്. എന്നാൽ ഇക്കാര്യത്തിൽ‌ മാറിച്ചിന്തിച്ച് വിജയം നേടിയിരിക്കുകയാണ് ഉത്തരാഖണ്ഡ് പൊലീസ്. അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന തെരുവു നായയെ ആണ് പൊലീസ് സ്ക്വാഡിലേക്ക് തെരഞ്ഞെടുത്ത് പരിശീലനം നൽകിയത്. മറ്റ് നായ്ക്കളെക്കാൾ മികച്ച രീതിയിലാണ് ഇവയുടെ പ്രകടനമെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. ജർമ്മൻ ഷെപ്പേർഡ്സ്, ലാബ്രഡോർ തുടങ്ങിയ വിദേശ ഇനങ്ങളെയാണ് സാധാരണ പൊലീസ് സേനയിലേക്ക് തെരഞ്ഞെടുക്കാറുളളത്. പ്രധാനമായും സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുന്നതിനും കാവൽ ജോലിക്കുമാണ് ഇവയെ നിയോ​ഗിക്കാറുള്ളത്. 

ആദ്യമായിട്ടാണ് അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവു നായയെ പരിശീലിപ്പിച്ച് സേനയിൽ ഉൾപ്പെടുത്തുന്നതെന്നും ഈ നായയാണ് ഇപ്പോൾ സേനയുടെ അഭിമാനമായിരിക്കുന്നതെന്നും ഉത്തരാഖണ്ഡ് പൊലീസ് ട്വിറ്ററിൽ കുറിച്ചു. -തെരുവിലൂടെ അലഞ്ഞു തിരിഞ്ഞ് നടന്ന നായയാണിത്. എന്നാൽ ഇപ്പോൾ ഡോ​ഗ്സ്ക്വാഡിലെ ഏറ്റവും മിടുക്കനായ അം​ഗവും ഇവനാണ്. ട്വിറ്ററിലെ ചിത്രത്തോടൊപ്പം കൊടുത്ത കുറിപ്പിൽ പറയുന്നു. ലക്ഷങ്ങൾ മുടക്കി വാങ്ങുന്ന വിദേശ ഇനത്തേക്കാൾ പരിശീലന കാലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിരുന്നുവെന്നും ട്വിറ്ററിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

കൂടാതെ ഒരു വീഡിയോയും പങ്ക് വച്ചിരിക്കുന്നു. പൊലീസ് ഡിപ്പാർട്ട്മെന്റിലെ സ്നിഫർ നായകളുടെ ഹർഡിൽ റേസിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത് തെരുവു നായയാണ്. ഏറ്റവും ഒടുവിലായി കാണുന്നതാണ് തെരുവുനായ. മറ്റ് നായ്ക്കളേക്കാൾ എളുപ്പത്തിൽ ചാടിക്കടന്നാണ് ഇവർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. കാഴ്ചക്കാർക്ക് നേരെ ഉറക്കെ കുരയ്ക്കുകയും ചെയ്യുന്നുണ്ട്.