സഹാരൺപൂർ: ഉത്തർപ്രദേശിൽ യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച ഭാരതീയ കിസാൻ യൂണിയൻ നേതാവിനെ ബിജെപി സഹാരൺപൂർ ജില്ലാ പ്രസിഡന്റ് വിജയേന്ദ്ര കശ്യപ് 'ഷൂസ്' കൊണ്ട് ആക്രമിച്ചു. ഭാരതീയ കിസാൻ യൂണിയൻ നേതാവായ അരുൺ റാണയെ വിജയേന്ദ്ര ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിലാണ് സംഭവം.

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കരിമ്പ് കർഷകരുടെ കുടിശിക തീർക്കാത്ത യോ​ഗി സർക്കാരിന്റെ നടപടിക്കെതിരേയാണ് റാണ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്. ചാനൽ ചർച്ചയ്ക്കിടെ ഇത് സംബന്ധിച്ച് റാണ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്ന് യോ​ഗി സർക്കാരിനെ വിമർശിക്കുന്നുവെന്ന് ആരോപിച്ച് വിജയേന്ദ്ര, റാണയെ ആക്രമിക്കുകയായിരുന്നു.  

കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യോ​ഗി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ കരിമ്പ് കർഷകർക്ക് യോ​ഗി സർക്കാർ 10000 കോടി രൂപ കുടിശികയായി നൽകാനുണ്ടെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. സർക്കാർ കുടിശ്ശിക നൽകാത്തതിനാൽ കർഷകരുടെ മക്കളുടെ വിദ്യാഭ്യാസം, ഭക്ഷണം എന്നിവ പ്രതിസന്ധിയിലായി. നരേന്ദ്ര മോദി പണക്കാരുടെ മാത്രം ചൗക്കിദാർ ആണെന്നും പാവപ്പെട്ടവരെ കുറിച്ച് ചിന്തിക്കാറില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു

യുപിയിൽ 28 ലക്ഷം ഹെക്ടർ പ്രദേശത്താണ‌് കരിമ്പ‌് കൃഷിചെയ്യുന്നത‌്. ഒരു ക്വിന്റൽ കരിമ്പ‌് ഏറ്റെടുക്കുന്നതിന‌് സർക്കാർ നിർദേശിച്ച തുകയിൽ 10 രൂപയുടെ വർധന മാത്രമാണ‌് 2016-17നുശേഷം ഉണ്ടായത‌്. ആറ‌് മണ്ഡലങ്ങൾക്ക് പുറമെ ബുലന്ദ്ഷഹർ, അമരോഹ, മൊറാദാബാദ്, സംബാൽ, രാംപുർ, ബറേലി, ഖുശിനഗർ തുടങ്ങിയ ഇടങ്ങളിലാണ് കരിമ്പ് കർഷകർ ഏറെയുള്ളത‌്.