ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല ജനുവരിയോടെ ജയിൽ മോചിതയാകും‌. ജനുവരി 27ന് മോചനമുണ്ടാകുമെന്ന് ബംഗ്ലൂരു ജയിൽ അധികൃതർ അറിയിച്ചു. പിഴ അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ജയിൽ മോചനം ഫെബ്രുവരി 27 വരെ നീളും. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ജയിൽ അധികൃതരുടെ മറുപടി. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ശശികല ജയിൽശിക്ഷ അനുഭവിക്കുന്നത്. പിഴ അടയ്ക്കാൻ തയാറാണെന്നും ജനുവരിയിൽ തന്നെ ജയിൽ മോചനമുണ്ടാകുമെന്നും ശശികലയുടെ അഭിഭാഷകൻ പ്രതികരിച്ചു.

ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ ഈ മാസം ആദ്യം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു.  ഷെൽ കമ്പനികളുടെ പേരിൽ പോയസ് ഗാർഡനിൽ ഉൾപ്പടെ വാങ്ങിയ 65 ആസ്തികളാണ് പൂർണമായി പിടിച്ചെടുത്തത്. ശശികലയുടെ രാഷ്ട്രീയ പ്രവേശനം തടയാനുള്ള നീക്കമെന്നും കോടതിയെ സമീപിക്കുമെന്നും മന്നാർഗുഡി കുടുംബം വ്യക്തമാക്കിയിരുന്നു.

വേദനിലയത്തിനു സമീപം ശശികല പണിയുന്ന ബംഗ്ലാവ്, ചെന്നൈയിൽ ഉൾപ്പടെയുള്ള 200 ഏക്കറോളം ഭൂമി അടക്കം 65 ആസ്തികൾ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. വേദനിലയം സർക്കാർ ഏറ്റെടുത്തതിനാൽ, ബം​ഗളൂരു ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ പോയസ് ഗാർഡനിലെ ഈ പുതിയ ബംഗ്ലാവിൽ താമസിക്കാനായിരുന്നു ശശികലയുടെ പദ്ധതി. ഹൈദരാബാദിൽ രജിസ്റ്റർചെയ്ത ശ്രീ ഹരിചന്ദന എസ്റ്റേറ്റ്‌സ് എന്ന ഷെൽ കമ്പനിയുടെ പേരിലാണ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിരുന്നത്. 2003-2005 കാലയളവിൽ 200 ഏക്കർ ഭൂമി ഈ കമ്പനിയുടെ പേരിൽ വാങ്ങിയിരുന്നു. കാളിയപെരുമാൾ, ശിവകുമാർ എന്നീ വ്യാജപേരുകളാണ് ഉടമകളായി കാണിച്ചിരുന്നത്. ജാസ് സിനിമാസ്, മിഡാസ് ഗോൾഡൻ ഡിസ്റ്റിലറീസ് എന്നിവയുടെ പേരിൽ ബിനാമി ഇടപാടുകൾ നടന്നു. ജയിലിൽ കഴിയുമ്പോഴും നോട്ട് റദ്ദാക്കൽ കാലയളവിൽ 1600 കോടിയിലേറെ രൂപയുടെ അനധികൃത ഇടപാടാണ് ശശികല നടത്തിയത്.
 
എന്നാൽ ശശികലയുടെ രാഷ്ട്രീയ പ്രവേശനം ഭയപ്പെടുന്ന ഇപിഎസ് ഒപി എസ് നേതൃത്വമാണ് നടപടിക്ക് പിന്നില്ലെന്ന് മന്നാർഗുഡി കുടുംബം ആരോപിക്കുന്നു. ജനപിന്തുണ നഷ്ടമായതിൻ്റെ ഭയമാണ് പാർട്ടിക്കെന്നും കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നും കുടുംബം അവകാശപ്പെട്ടിട്ടുണ്ട്.