15-18 വയസ് പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ 2022 ജനുവരി 3 തിങ്കളാഴ്ച മുതൽ ആരംഭിക്കും. മുൻകരുതലായി 3-ാം ഡോസ് നൽകുന്നത് 2022 ജനുവരി 10 തിങ്കളാഴ്ച മുതൽ ആരംഭിക്കും

ദില്ലി: 15-18 പ്രായക്കാർക്ക് പ്രതിരോധ കുത്തിവെപ്പ് (Vaccination) നൽകുന്നതും, ആരോഗ്യ പ്രവർത്തകർ, മുൻനിര തൊഴിലാളികൾ, മറ്റ് രോഗങ്ങൾ ഉള്ള 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവർക്ക് മുൻകരുതൽ ആയി മൂന്നാം ഡോസ് നൽകുന്നതും സംബന്ധിച്ച് അവലോകനം ചെയ്യാനായി കേന്ദ്ര ആരോഗ്യമന്ത്രാലയം (Central Health Ministry) സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളുമായി യോഗം ചേർന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ, എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും വീഡിയോ കോൺഫറൻസിലൂടെയാണ് സംവദിച്ചത്. 

15-18 വയസ് പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ 2022 ജനുവരി 3 തിങ്കളാഴ്ച മുതൽ ആരംഭിക്കും. മുൻകരുതലായി 3-ാം ഡോസ് നൽകുന്നത് 2022 ജനുവരി 10 തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇത് സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ 2021 ഡിസംബർ 27-ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ചു.

15-18 വയസ് പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന്റെ പശ്ചാത്തലത്തിൽ, ഈ ജനസംഖ്യാ വിഭാഗത്തിൽ 'കോവാക്സിൻ' മാത്രമേ നൽകാവൂ എന്നും എല്ലാ സംസ്ഥാനങ്ങളിലേക്കും 'കോവാക്സിൻ' അധിക ഡോസുകൾ അയയ്ക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളെ/ കേന്ദ്രഭരണ പ്രദേശങ്ങളെ അറിയിച്ചു. 'കോവാക്‌സിൻ' വിതരണ ഷെഡ്യൂൾ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അടുത്ത കുറച്ച് ദിവസങ്ങളിൽ കേന്ദ്ര ഗവൺമെന്റ് അറിയിക്കും. അർഹതയുള്ള ഗുണഭോക്താക്കൾക്ക് 2022 ജനുവരി 1 മുതൽ കോ -വിൻ പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യാം, അല്ലെങ്കിൽ ജനുവരി 3 മുതൽ വാക്സിനേഷൻ ആരംഭിക്കുമ്പോൾ വാക്ക്-ഇൻ രജിസ്ട്രേഷൻ പ്രയോജനപ്പെടുത്താം. ഈ വിഭാഗത്തിന് കീഴിൽ 2007-ലോ അതിനുമുമ്പോ ജനിച്ചവർക്ക് വാക്സിനേഷന് അർഹതയുണ്ട്.

15-18 വയസ്സ് പ്രായമുള്ളവർ, വാക്സിനേഷൻ സംബന്ധിച്ച എല്ലാ വ്യവസ്ഥാപിത പ്രോട്ടോക്കോളുകളും പാലിക്കേണ്ടതാണ്; ഗുണഭോക്താക്കൾ AEFI-യുടെ നിരീക്ഷണത്തിന് അരമണിക്കൂറോളം കാത്തിരിക്കണം. 28 ദിവസത്തിന് ശേഷം മാത്രമേ രണ്ടാമത്തെ ഡോസിന് യോഗ്യത ലഭിക്കൂ. ചില കോവിഡ് വാക്സിനേഷൻ സെന്ററുകളെ (സിവിസി) 15-18 പ്രായക്കാർക്കായി മാത്രം പ്രയോജനപ്പെടുത്താനാകും എന്ന് സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. അത് സംബന്ധിച്ച വിവരങ്ങൾ കോവിൻ പോർട്ടലിൽ പ്രദർശിപ്പിക്കണം. 15-18 പ്രായ വിഭാഗത്തിന് പുറമെ മറ്റു വിഭാഗത്തിൽ പെട്ടവർക്കും പ്രതിരോധകുത്തിവെപ്പ് സേവനം നൽകാൻ ഉദ്ദേശിക്കുന്ന കേന്ദ്രങ്ങളിൽ, 15-18 പ്രായക്കാർക്കു വേണ്ടി പ്രത്യേക വരിയും, വാക്സിൻ നൽകാനായി പ്രത്യേകം ആരോഗ്യ വിദഗ്ധരെയും സജ്ജമാക്കണം എന്ന് സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു.

മുൻകരുതൽ ഡോസ് നൽകുന്നതിന് ഗുണഭോക്താവിനെ യോഗ്യനാക്കുന്നതിന് 2-ാം ഡോസ് നൽകിയതിന് ശേഷം 9 മാസം (39 ആഴ്ച) കഴിഞ്ഞിട്ടുണ്ടാകണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി എടുത്തുപറഞ്ഞു. മറ്റ് രോഗാവസ്ഥ സ്ഥാപിക്കാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണമെന്ന തെറ്റായ വിവരങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. പ്രസ്തുത വിഷയത്തിൽ കേന്ദ്ര ഗവൺമെന്റ് നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും മുൻകരുതൽ ഡോസ് സ്വീകരിക്കുന്നതിന് വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറുടെ കുറിപ്പടി/സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകരുതൽ ഡോസ് സ്വീകരിച്ച വിവരം ഡിജിറ്റൽ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഗുണഭോക്താക്കളുടെ ജില്ല തിരിച്ചുള്ള കണക്കെടുപ്പിലൂടെ വാക്‌സിൻ ഡോസുകളുടെ ആവശ്യകത കോ-വിൻ പോർട്ടൽ വഴി അറിയിക്കാൻ സംസ്ഥാനങ്ങളോടും /കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം), അഡീഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യം), ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സ്റ്റേറ്റ് സർവൈലൻസ് ഓഫീസർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.