വന്ദേ ഭാരത് കേരളത്തിലെത്തിയത് ബിജെപി പ്രവർത്തകർ പരമാവധി ആഘോഷിക്കുകയും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയും ചെയ്തു. ട്രെയിൻ നിർത്തിയ എല്ലാ പ്രധാന സ്റ്റേഷനുകളിലും അഭിവാദ്യം ചെയ്യാൻ ബിജെപി പ്രവർത്തകർ ഉണ്ടായിരുന്നു. വിഷുദിനമായതിനാൽ വരവേൽപ്പിന് ആവേശം കൂടി.

വന്ദേഭാരതും കേരള രാഷ്ട്രീയവും
കഴിഞ്ഞ ദിവസമാണ് കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിൻ എത്തിയത്. അഭിനന്ദിക്കണോ വിമർശിക്കണോ എന്ന അങ്കലാപ്പിലായിരുന്നു ബിജെപിയിതര പാർട്ടികൾ. എല്ലാവരെയും ഞെട്ടിച്ചാണ്, തികച്ചും അപ്രതീക്ഷിതമായി വന്ദേ ഭാരത് കേരളത്തിന് അനുവദിച്ചത്. വന്ദേ ഭാരത് കേരളത്തിലെത്തിയത് ബിജെപി പ്രവർത്തകർ പരമാവധി ആഘോഷിക്കുകയും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയും ചെയ്തു. ട്രെയിൻ നിർത്തിയ എല്ലാ പ്രധാന സ്റ്റേഷനുകളിലും അഭിവാദ്യം ചെയ്യാൻ ബിജെപി പ്രവർത്തകർ ഉണ്ടായിരുന്നു. വിഷുദിനമായതിനാൽ വരവേൽപ്പിന് ആവേശം കൂടി. തെക്കൻ കേരളത്തെയും വടക്കൻ കേരളത്തെയും ബന്ധിപ്പിക്കുന്ന ഫാസ്റ്റ് ട്രാൻസിറ്റ് ട്രെയിൻ എന്ന ആവശ്യം ശക്തമായതിനാൽ വന്ദേഭാരതിന്റെ വരവിനെ മറ്റ് പാർട്ടികൾക്ക് എതിർക്കാനായില്ല. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ വന്ദേഭാരത് ട്രെയിനിനെ ബിജെപി ഉപയോഗിക്കുമെന്നതിനാൽ സ്വാഗതം ചെയ്യാനും മറ്റുപാർട്ടിക്കാർ മുതിർന്നില്ല. സിപിഎം, കോൺഗ്രസ് നേതാക്കൾ മൗനം പാലിച്ചു. പക്ഷേ അമ്പരപ്പിക്കുന്നതായിരുന്നു ഇടത് ആഭിമുഖ്യം പുലർത്തുന്ന ഒരു സ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇടതു സർക്കാരിന്റെ നിർദിഷ്ട സിൽവർ ലൈൻ പദ്ധതിയേക്കാൾ ചെലവേറിയ കാര്യമാണ് വന്ദേഭാരത് എന്നുവരെ സ്വാമി വാദിച്ചു. സിൽവർ ലൈനിനായി ഭൂമി ഏറ്റെടുക്കലിനും മറ്റ് വികസന പ്രവർത്തനങ്ങൾക്കുമായി ചെലവാകുമായിരുന്ന ഒരു ലക്ഷം കോടിയോളം വരുന്ന ഭീമമായ ചിലവ് പോലും സ്വാമി സൗകര്യപൂർവ്വം അവഗണിച്ചു. സത്യത്തിൽ വന്ദേ ഭാരത് അക്ഷരാർത്ഥത്തിൽ പല രാഷ്ട്രീയ അഭിലാഷങ്ങളെയും തകർത്ത കേന്ദ്രത്തിന്റെ രാഷ്ട്രീയ നീക്കമായി വിലയിരുത്താം.

സ്റ്റീൽ പ്ലാന്റ് വിൽപനയും കെടിആർ പിടിച്ച പുലിവാലും
സ്റ്റീൽ കമ്പികൾ തകർക്കാനോ വളയ്ക്കാനോ പോലും എളുപ്പമല്ല. തെരുവ് സർക്കസുകാർ ചിലപ്പോൾ അത്തരം അഭ്യാസം കാണിക്കുമെങ്കിലും പൊതുവേ ബുദ്ധിമുട്ടേറിയതാണ്. എന്നാൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൻ കെ ടി രാമറാവുവിന്റെ അത്തരമൊരു ശ്രമമാണ് തെലങ്കാനയിലെ പ്രധാന ചർച്ചാ വിഷയം. വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് വിറ്റഴിക്കാനുള്ള നീക്കം ഉപേക്ഷിക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചത് കെസിആറാണെന്ന് പറഞ്ഞ് ക്രെഡിറ്റ് അവകാശപ്പെട്ടാണ് കെടിആർ രംഗത്തെത്തിയത്.
സ്റ്റീൽ പ്ലാന്റ് വിൽക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിക്കുമെന്ന് കേന്ദ്ര സ്റ്റീൽ സഹമന്ത്രി ഫഗ്ഗൻ സിംഗ് കുലസ്‌തെ അറിയിച്ചതിന് പിന്നാലെയാണ് കെസിആർ നൽകിയ അന്ത്യശാസനത്തിന്റെ ഫലമാണെന്ന് വീമ്പിളക്കി കെടിആർ രംഗത്തെത്തിയത്. സർക്കാർ ഉടമസ്ഥതയിലുള്ള സിംഗരേണി കോളിയറീസ് കമ്പനി മുഖേ ലേലത്തിൽ സംസ്ഥാന സർക്കാർ പങ്കെടുക്കുമെന്ന് കെസിആർ പറഞ്ഞിരുന്നു. എന്നാൽ ഓഹരി വിറ്റഴിക്കലുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം വ്യക്തമാക്കി. അതോടെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള അച്ഛന്റെയും മകന്റെയും ആഗ്രഹവും അസ്ഥാനത്തായി.

പണമൊഴുകും തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പ് കാലത്ത് ബല്ലാരിയിൽ തുംഗഭദ്ര ജലസംഭരണിയിലെ വെള്ളം പോലെ പണമൊഴുക്കും എന്നത് കർണാടകയിലെ പഴഞ്ചൊല്ലായി മാറിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിലും സ്ഥിതിഗതികൾ അങ്ങനെയൊക്കെ തന്നെ. മൂന്ന് പാർട്ടികളും അതിസമ്പന്നരെയാണ് കളത്തിലിറക്കിയിരിക്കുന്നത്. സമ്പന്നരായ സ്ഥാനാർഥികൾ 500 കോടിയോളം രൂപ ചെലവഴിക്കുമെന്നാണ് കണക്കുകൂട്ടൽ. പ്രഷർ കുക്കറുകളായും മറ്റ് സാധനങ്ങളായും തുടക്കത്തിലേ വോട്ടർമാരിലേക്ക് എത്തിക്കഴിഞ്ഞു. വോട്ടിന് നോട്ട് എന്നതായിരിക്കും അടുത്ത ഘട്ടം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഓരോ വോട്ടർക്കും 6000 രൂപയോളം ലഭിക്കുമെന്നാണ് കർണാടകയിലെ മുറുമുറുപ്പ്.
ഈ മകനെക്കൊണ്ട് തോറ്റു
രാജ്യത്തെ പല മുതിർന്ന രാഷ്ട്രീയക്കാരും മക്കളെക്കൊണ്ട് ബുദ്ധിമുട്ടാറുണ്ട്. ഇത്തവണ രാജസ്ഥാനിലെ മുതിർന്ന മന്ത്രിയാണ് മകനെക്കൊണ്ട് പൊല്ലാപ്പായത്. മന്ത്രി എന്ത് പ്രഖ്യാപിച്ചാലും മകൻ എതിർക്കുകയും പരസ്യമായി പ്രതിഷേധിക്കുകയും ചെയ്യുമെന്നതാണ് സ്ഥിതി. ഭരത്പൂരിൽ ബാബാ സാഹിബിന്റെയും മഹാരാജ സൂരജ്മലിന്റെയും പ്രതിമകൾ പ്രതിമ സ്ഥാപിക്കുന്നത് വിവാദമായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് മറ്റൊരു സ്ഥലത്ത് പ്രതിമകൾ സ്ഥാപിക്കുമെന്ന് രാജസ്ഥാൻ ടൂറിസം മന്ത്രി പ്രഖ്യാപിച്ചു. എന്നാൽ പ്രതിമകൾ ആദ്യം തീരുമാനിച്ച അതേ സ്ഥലത്ത് സ്ഥാപിക്കുമെന്ന് മകൻ ഉടൻ പ്രഖ്യാപിച്ചു. മകനെതിരെ മന്ത്രി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ. പ്രതിമകൾ മാറ്റാനുള്ള നീക്കം സ്വന്തം മകനെ ബോധ്യപ്പെടുത്തുന്നതിൽ മന്ത്രി പരാജയപ്പെട്ടതോടെ വോട്ടർമാർ ആശയക്കുഴപ്പത്തിലാണ്. സൂപ്പർമന്ത്രിയായ അമ്മയാണ് മകന്റെ നീക്കങ്ങൾക്ക് പിന്നിലെന്നും മുറുമുറുപ്പയരുന്നുണ്ട്.
