വന്ദേ ഭാരത് ട്രെയിനിനെ പഴയ ഇലക്ട്രിക് എഞ്ചിൻ വലിച്ചുകൊണ്ടുപോകുന്ന 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായി
ദില്ലി: വന്ദേ ഭാരത് കട്ടപ്പുറത്തായതാണോ? കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായൊരു വീഡിയോ കണ്ടവരിൽ പലരും ചോദിച്ചത് അങ്ങനെയായിരുന്നു. വന്ദേ ഭാരത് ട്രെയിനിനെ പഴയ ഇലക്ട്രിക് എഞ്ചിൻ വലിച്ചുകൊണ്ടുപോകുന്ന വീഡിയോ ആയിരുന്നു വൈറലായത്. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിൽ ആരോ പകർത്തിയ വീഡിയോ ആണ് പുറത്തുവന്നത്. കോൺഗ്രസ് നേതാവ് കൃഷ്ണ അല്ലവരു അടക്കമുള്ളവർ വീഡിയോ പങ്കുവച്ച് റെയിൽവേക്കെതിരെ പരിഹാസവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ സംഭവം എന്താണെന്ന് വിശദീകരിച്ച് റെയിൽവേ അധികൃതർ രംഗത്തെത്തി.
വീഡിയോ കാണാം
വന്ദേഭാരതിന്‍റെ വരുമാന കണക്കുവച്ച് കെ റെയിലിന് പറയാനുള്ളത്, ഒരേ ഒരു കാര്യം; 'ധൃതിയുണ്ടെന്ന് ജനം!!',
വന്ദേ ഭാരത് കട്ടപ്പുറത്തായതല്ല സംഭവമെന്നാണ് റെയിൽവെ വ്യക്തമാക്കിയത്. പുതുതായി എത്തിയ വന്ദേഭാരത് കമ്മീഷൻ ചെയ്യാനായി കൊണ്ടുപോകുന്ന കാഴ്ചയാണ് വൈറലായി വീഡിയോയിൽ ഉള്ളതെന്നാണ് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടം വിശദീകരണം. പുതുതായി ട്രാക്കിലേക്ക് എത്തുന്ന ട്രെയിനുകൾ കമ്മീഷൻ ചെയ്യേണ്ടതുണ്ട്. കമ്മീഷൻ ചെയ്ത് റൂട്ട് നിർണയിച്ചാൽ മാത്രമേ പുതിയ ട്രെയിൻ ഓടിക്കാനാകു. അതുകൊണ്ട് നിലവിൽ റൂട്ട് ഉള്ള ഒരു ട്രെയിനിന്‍റെ എഞ്ചിൻ ഉപയോഗിച്ച് വന്ദേ ഭാരത് കമ്മീഷൻ ചെയ്യാനായി എത്തിക്കുന്നതാണ് ദൃശ്യങ്ങളിലെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ വ്യക്തമാക്കിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രാക്കിലേക്ക് ചേർക്കുമ്പോൾ റൂട്ട് നിർണയിക്കുന്നതിനും, ലോക്കോ പൈലറ്റിന് പരിശീലനം നൽകുവാനുമാണ് ഈ വിധം കെട്ടിവലിക്കുന്നതെന്നും റെയിൽവേ വിവരിച്ചിട്ടുണ്ട്.
അതേസമയം വന്ദേ ഭാരത് സംബന്ധിച്ചുള്ള മറ്റൊരു വാർത്ത വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് കേരളമാണ് ഒന്നാമതെന്നതാണ്. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിന്‍റെ ശരാശരി ഒക്യുപെന്‍സി കണക്കുകള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്ത് ആകമാനം 23 ജോടി വന്ദേഭാരത് ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇവയില്‍ കാസര്‍ഗോഡ് തിരുവനന്തപുരം വന്ദേഭാരതിന്‍റെ ഒക്യുപെന്‍സി 183 ശതമാനമാണ്. തിരുവനന്തപുരം കാസര്‍ഗോഡേയ്ക്കുള്ള വന്ദേഭാരതിലെ ശരാശരി ഒക്യുപെന്‍സി 176 ശതമാനമാണ്. തൊട്ട് പിന്നിലുള്ള ഗാന്ധി നഗര്‍ മുംബൈ വന്ദേഭാരതിന്റെ ഒക്യുപെന്സി 134 ശതമാനം മാത്രമാണെന്നതാണ് കണക്കുകൾ പറയുന്നത്. ഇടയ്ക്കുള്ള ദൂരങ്ങളില്‍ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി വിലയിരുത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

