സിൽവ‍ർ ലൈൻ പദ്ധതിയെ താൻ ഒരുഘട്ടത്തിലും പിന്തുണച്ചിട്ടില്ലെന്നും തൻ്റെ നിലപാടിനെ മാധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്തതെന്നും തരൂ‍ർ പറഞ്ഞു

മഥുര: തിരുവനന്തപുരത്തു നിന്ന് കാസർകോട് എത്താൻ സിൽവർലൈൻ തന്നെ വേണമെന്നില്ലെന്ന് കോൺ​ഗ്രസ് നേതാവ് ശശി തരൂർ. മുഖ്യമന്ത്രിയുടെ വികസന ആവശ്യം താൻ മനസ്സിലാകുന്നുണ്ടെന്നും എന്നാൽ അതിവേ​ഗയാത്രയ്ക്ക് സിൽവ‍ർ ലൈൻ പദ്ധതി തന്നെ വേണമെന്നില്ലെന്നും തരൂർ പറഞ്ഞു. കേരളത്തിലെ നിലവിലെ റെയിൽവേ പാത വികസിപ്പിച്ചാൽ മതി. വന്ദേഭാരത് ട്രെയിനുകൾ സിൽവ‍ർ ലൈൻ പദ്ധതിക്ക് ബദലാവാൻ അനുയോജ്യമാണ്. വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാൻ സാധിക്കുന്ന രീതിയിൽ കേരളത്തിലെ തീവണ്ടിപ്പാതകൾ വികസിപ്പിക്കണം. ഇതിനായി കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തണമെന്നും തരൂ‍ർ പറഞ്ഞു. സിൽവ‍ർ ലൈൻ പദ്ധതിയെ താൻ ഒരുഘട്ടത്തിലും പിന്തുണച്ചിട്ടില്ലെന്നും തൻ്റെ നിലപാടിനെ മാധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്തതെന്നും തരൂ‍ർ പറഞ്ഞു. സിൽവ‍ർ ലൈൻ പദ്ധതിയെക്കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാം എന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്നും തരൂ‍ർ പറഞ്ഞു.