ചെന്നൈ: വണ്ണിയാർ സമുദായത്തിന്  പ്രത്യേക സംവരണം ആവശ്യപ്പെട്ട് തമിഴ്നാട്ടിലുടനീളം പ്രതിഷേധം തുടരവേ പ്രശ്നം പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ തീരുമാനം. ജാതി സംവരണം സംബന്ധിച്ച് കൃത്യമായ കണക്കെടുക്കുമെന്നും വിശദമായ റിപ്പോർട്ട് സമിതി തയ്യാറാക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ജോലികളിൽ വണ്ണിയാർ സമുദായത്തിന് ഇരുപത് ശതമാനം സംവരണം ആവശ്യപ്പെട്ടുള്ള പ്രതിഷേധം തമിഴ്നാട്ടിൽ അക്രമാസക്തമായി. 

ചെന്നൈയ്ക്ക് സമീപം പെരമ്പല്ലൂരിൽ അനന്തപുരി എക്സ്പ്രസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. മണിക്കൂറുകളോളം ട്രെയിൻ തടഞ്ഞിട്ടതോടെ നിരവധി യാത്രക്കാർ കുടുങ്ങി. പിഎംകെയുടെ നേതൃത്വത്തിൽ തമിഴ്‍നാട്ടിലുടനീളം റെയിൽവേ ലൈനുകൾ ഉപരോധിച്ചു. ബസ് തടഞ്ഞു. സേലത്തും തെങ്കാശിയിലും ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ചെന്നൈ വിവിധയിടങ്ങളിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമായി.