മുസ്ലിം ലീഗും എംഎസ്എഫും ആണ് വി ഡി സതീശന് സ്വീകരണം ഒരുക്കിയതെന്ന് എൻഎസ്‍യുഐ ദേശിയ അധ്യക്ഷൻ വിനോദ് ഝാക്കർ പ്രതികരിച്ചു.
ദില്ലി: കേരള ഹൗസിൽ വി ഡി സതീശന് സ്വീകരണം നൽകിയ സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി എൻഎസ്‍യുഐ. കെപിസിസി അധ്യക്ഷനെതിരെ ഭീഷണി മുഴക്കിയതിൽ കർശന നടപടി ഉണ്ടാകും എന്ന് എൻഎസ്‍യുഐ അധ്യക്ഷൻ വിനോദ് ഝാക്കർ പ്രതികരിച്ചു. പരിപാടി സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തത് എൻഎസ്‍യുഐ - കെഎസ്‍യു പ്രവർത്തകരാണ് എന്ന് ദേശീയ അധ്യക്ഷന് പരാതി ലഭിച്ചിച്ചുണ്ട്. എംഎസ്എഫ് പ്രവർത്തകരടക്കം ഒരു വിഭാഗം മുദ്രാവാക്യം വിളിച്ചിരുന്നു. പ്രസിഡൻ്റിനെതിരെ മുദ്രാവാക്യം വിളിച്ചവർ സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പറഞ്ഞു.

മുസ്ലിം ലീഗും എംഎസ്എഫും ആണ് വി ഡി സതീശന് സ്വീകരണം ഒരുക്കിയതെന്ന് എൻഎസ്‍യുഐ ദേശിയ അധ്യക്ഷൻ വിനോദ് ഝാക്കർ പ്രതികരിച്ചു. എൻഎസ്‍യുഐവിൻ്റെയും ജെൻസിയുടെയും പേര് ഉപയോഗിച്ചാണ് പരിപാടി നടത്തിയതെന്ന് പറഞ്ഞ അധ്യക്ഷൻ, സണ്ണി ജോസഫിനു എതിരായ പ്രതിഷേധം അപലപിക്കുന്നുവെന്നും വ്യക്തമാക്കി. മോശം പദപ്രയോഗം തെറ്റാണ്. പ്രതിഷേധം ഒരു അജണ്ടയുടെ ഭാഗമാണെന്നും വിഷയത്തിൽ റിപ്പോർട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയിലെത്തിയ വി ഡി സതീശന് കേരള ഹൗസിൽ ജെൻസി വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് വമ്പൻ സ്വീകരണം നൽകിയത്. സതീശനെ തോളിലേറ്റിയാണ് വിദ്യാർത്ഥികൾ കേരള ഹൗസിലേക്ക് കൊണ്ടുവന്നത്. കേരളം യുഡിഎഫ് തൂക്കി എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു സ്വീകരണം. കണ്ണേ കരളേ വിഡിഎസ്സേ എന്ന മുദ്രാവാക്യം വിളിച്ചാണ് സതീശനെ വിദ്യാർത്ഥികൾ വരവേറ്റത്.

