ചെന്നൈ: പ്രതിഷേധങ്ങള്‍ക്കിടയിലും തമിഴ്നാട്ടില്‍ കാവേരി നദീ തീരത്ത് ഹൈഡ്രോകാര്‍ബണ്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഖനനത്തിന് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന മാനദണ്ഡത്തില്‍ ഇളവ് നല്‍കിയാണ് വിജ്ഞാപനം. പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കര്‍ഷക കൂട്ടായ്മകള്‍.

തമിഴ്നാടിന്‍റെ നെല്ലറയായ കാവേരി തീരത്താണ് ഖനനത്തിന് അനുമതി. പരിസ്ഥിതി ആഘാത പഠനവും, പരാതി പരിഹാര സെല്ലും വേണമെന്ന മാനദണ്ഡം റദ്ദാക്കിയാണ് കേന്ദ്ര വിജ്ഞാപനം. തൂത്തുക്കുടി വെടിവയ്പ്പിലെ വിവാദ കമ്പനിയായ വേദാന്ത ഗ്രൂപ്പിനും ഒഎന്‍ജിസിക്കുമാണ് കരാര്‍. 

പ്രദേശത്ത് 274 കിണറുകള്‍ കുഴിക്കാന്‍ വേദാന്ത ഗ്രൂപ്പ് ഒരുക്കം തുടങ്ങി. തീരദേശ നിയന്ത്രണ ചട്ടം കാറ്റില്‍പറത്തിയാണ് പ്രവര്‍ത്തനമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ഭൂഗര്‍ഭ ജലത്തിന്‍റെ അളവ് കുത്തനെ കുറയുമെന്ന് ഭയക്കുന്നു.

അധികാരത്തില്‍ എത്തിയാല്‍ പദ്ധതി നിര്‍ത്തലാക്കുമെന്നാണ് ഡിഎംകെ വാഗ്ദാനം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, ജനകീയ പ്രതിരോധം മറികടക്കുക അണ്ണാഡിഎംകെയ്ക്കും ബിജെപിക്കും വെല്ലുവിളിയാകും.