Asianet News MalayalamAsianet News Malayalam

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസ്; വേണുഗോപാൽ ധൂതിന് ഇടക്കാല ജാമ്യം

ഈ മാസം ആദ്യം കേസിലെ സഹപ്രതികളായ ചന്ദ കൊച്ചാറിനും ദീപക് കൊച്ചാറിനും ജാമ്യം അനുവദിച്ചതും വേണുഗോപാല്‍ ദൂതിന് തുണയായി. 

Venugopal Dhoot gets interim bail in loan fraud case
Author
First Published Jan 20, 2023, 2:25 PM IST

മുംബൈ:  ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ചെയർമാൻ വേണുഗോപാൽ ധൂതിന് ഇടക്കാല ജാമ്യം. സിബിഐ അറസ്റ്റ് ചെയ്ത ധൂതിന് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 5 ന് സിബിഐ കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് വേണുഗോപാല്‍ ദൂത് ഹൈക്കോടതിയെ സമീപിച്ചത്. ഡിസംബര്‍ 26ന് നടത്തിയ അറസ്റ്റ് അനധികൃതമാണെന്ന് വിശദമാക്കിയാണ് വേണുഗോപാല്‍ ദൂത് ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം ആദ്യം കേസിലെ സഹപ്രതികളായ ചന്ദ കൊച്ചാറിനും ദീപക് കൊച്ചാറിനും ജാമ്യം അനുവദിച്ചതും വേണുഗോപാല്‍ ദൂതിന് തുണയായി. 

ഡിസംബറിലാണ് വേണുഗോപാല്‍ ദൂതിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഐസിഐസിഐ വായ്പാ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം മുംബൈയിൽവച്ചാണ് വീഡിയോകോൺ ചെയർമാനെ അറസ്റ്റ് ചെയ്തത്.  2009 മുതൽ 2011വരെയുള്ള കാലയളവിൽ ചന്ദ കൊച്ചാർ ബാങ്ക് മേധാവിയായിരക്കേ വീഡിയോ കോൺ ഗ്രൂപ്പിന് 1875 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. ഇത് ബാങ്കിന്റെ നയത്തിന് വിരുദ്ധമായി അനുവദിച്ചതാണെന്നാണ് സിബിഐ കണ്ടെത്തൽ. 2012 ൽ ഈ വായ്പവഴി ബാങ്കിന് 1730 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുകാട്ടി കിട്ടാക്കടമായി പ്രഖ്യാപിച്ചെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു.

എസ്ബിഐയുടെ നേതൃത്ത്വത്തിൽ 20 ബാങ്കുകളുടെ കൂട്ടായ്മ വീഡിയോ കോൺ ഗ്രൂപ്പിന് നൽകിയ നാൽപതിനായിരം കോടിയുടെ വായ്പയിൽ ഉൾപ്പെടുന്നതാണ് ഈ വായ്പയും. വായ്പ അനുവദിക്കുന്ന സമിതിയിലും നന്ദ കൊച്ചാർ ഭാഗമായിരുന്നു. വായ്പ ലഭിച്ചതിന് പിന്നാലെ ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിന്റെ നുപവർ റിന്യൂവബിൾസ് എന്ന കമ്പനിയിൽ വേണുഗോപാൽ ദൂത് 64 കോടി രൂപ നിക്ഷേപിച്ചു. ഇത് അനധികൃതമായി വായ്പ തരപ്പെടുത്തിയതിന്റെ പ്രത്യുപകാരമാണെന്നാണ് സിബിഐ ആരോപണം. 2018ലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.  ആരോപണങ്ങളുയർന്നതിന് പിന്നാലെ ഐസിഐസിഐ ബാങ്കിന്റെ സിഇഒ, എംഡി പദവികളിൽനിന്നും ചന്ദ കൊച്ചാർ രാജി വച്ചിരുന്നു.

Follow Us:
Download App:
  • android
  • ios