ബല്ലഭ്ഗഡ്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വെടിവച്ച് കൊല്ലപ്പെട്ട നികിതാ തോമറിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് വിഎച്ച്പി നേതാവ് അലോക് കുമാര്‍. അക്രമികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്‍റ് നടത്തിയത്. നികിതയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അലോക് കുമാര്‍ ആവശ്യപ്പെട്ടു. ലവ് ജിഹാദ്, മത പരിവര്‍ത്തനവും നിര്‍ത്തലാക്കാനാവശ്യമായ നിയമം കൊണ്ടുവരണമെന്നും അലോക് കുമാര്‍ പറഞ്ഞു. 

ഹിന്ദുക്കള്‍ക്കെതിരായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുണ്ടാവുന്ന സംഭവങ്ങളെ അലോക് കുമാര്‍ അപലപിച്ചു. എത്ര പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ ഹിന്ദു വിരുദ്ധ ജിഹാദികളുടെ കൈകളില്‍ പെടുന്നതെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്നും അലോക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും അലോര്‍ കുമാര്‍ ആവശ്യപ്പെട്ടു. ഹിന്ദു പെണ്‍കുട്ടികളെ കാണാതാവുകയും ലവ് ജിഹാദും ഹരിയാനയിലും പ്രത്യേകിച്ച് മേവാത് മേഖലയിലും അധികമാണെന്നും അലോക് കുമാര്‍ ആരോപിച്ചു. 

ബല്ലഭ്ഗഡ് അഗർവാൾ കോളേജിലെ വിദ്യാർത്ഥിനി നികിതാ തോമറിനെ കോളേജ് പരിസരത്തെ റോഡിൽ വെച്ചാണ് വെടിവച്ച് കൊലപ്പെടുത്തിയത്. രണ്ട് അക്രമികൾ ചേർന്ന് ആദ്യം തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും, ശ്രമം പരാജയപ്പെട്ട ദേഷ്യത്തിന് യുവതിയെ വെടിവയ്ക്കുകയുമായിരുന്നു. നേരത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് നികിത പരാതി നല്‍കിയ തൌഫീക്കായിരുന്നു വെടിയുതിര്‍ത്തത്. കാറിൽ നിന്ന് തോക്കുമായി ഇറങ്ങി വന്ന അക്രമി, നികിതയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതും, യുവതി കുതറിയോടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോയിന്റ് ബ്ലാങ്കിൽ അവളെ വെടിവെച്ചുകൊന്ന ശേഷം അതേ കാറിൽ കയറി പാഞ്ഞു പോകുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.