വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഗോത്രവിഭാഗങ്ങളെ ഏകസിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കിയേക്കും. ഇതിനിടെ ആംആദ്മി പാര്‍ട്ടിയില്‍ ഭിന്നത തലപൊക്കി.
ദില്ലി: ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ അമാന്തം പാടില്ലെന്ന് ഉപരാഷ്ട്രപതി ജഗധീപ് ധന്‍കര്‍. വൈകിയാല്‍ മൂല്യങ്ങള്‍ തകരുമെന്നും ജഗധീപ് ധന്‍കര്‍ അഭിപ്രായപ്പെട്ടു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഗോത്രവിഭാഗങ്ങളെ ഏകസിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കിയേക്കും. ഇതിനിടെ ആംആദ്മി പാര്‍ട്ടിയില്‍ ഭിന്നത തലപൊക്കി.
ഏക സിവില്‍ കോഡില്‍ നടപടികള്‍ പുരോഗമിക്കുമ്പോള്‍, വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന കൃത്യമായ സൂചനയാണ് ഉപരാഷ്ട്രപതി നല്‍കുന്നത്. ബില്ലവതരണത്തിന് മുന്നോടിയായി ചേര്‍ന്ന നിയമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് കിട്ടിയ പ്രതികരണങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡിന്‍റെ കരട് തയ്യാറായതിന് പിന്നാലെ മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയുമായി പ്രധാനമന്ത്രിയും, അമിത് ഷായും കൂടിക്കാഴ്ച നടത്തി. ഉത്തരാഖണ്ഡ് തയ്യാറാക്കിയ സിവില്‍ കോഡിന്‍റെ കരട് ദേശീയ തലത്തില്‍ തയ്യാറാക്കുന്ന സിവില്‍ കോഡിന് ആധാരമായേക്കും.
അതേസമയം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഘടകക്ഷികളും ഗോത്ര സംഘടനകളും പ്രതിഷേധം ശക്തമാക്കിയതോടെ ഗോത്രവിഭാഗങ്ങളെ ഒഴിവാക്കിയാലോ എന്ന ആലോചന നിയമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ സുശീല്‍ മോദി തന്നെ മുന്നോട്ട് വച്ചു. ന്യൂനപക്ഷങ്ങള്‍ക്കും, പിന്നാക്ക വിഭാഗങ്ങള്‍ക്കും പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് സമിതിയംഗം കോണ്‍ഗ്രസ് എം പി മാണിക്കം ടാഗോര്‍ ആവശ്യപ്പെട്ടു. ഏക സിവില്‍ കോഡിനെ ആംആംദ്മി പാര്‍ട്ടി പിന്തുണച്ചെങ്കിലും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ തള്ളി പറഞ്ഞു. പാര്‍ട്ടിയുടെ നിലപാട് വിവിധ സിഖ് ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചതും കോണ്‍ഗ്രസും ശിരോമണി അകാലിദളും രാഷ്ട്രീയായുധമാക്കിയതും ഭഗവന്ത് മാനെ വെട്ടിലാക്കി.
