Asianet News MalayalamAsianet News Malayalam

വേണ്ടത് മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസം; ഹിന്ദി വാദം തള്ളി ഉപരാഷ്ട്രപതി

ഹിന്ദി ഭാഷാ പ്രാമുഖ്യം വേണമെന്ന വാദം തള്ളിയ ഉപരാഷ്ട്രപതി ഇപ്പോഴത്തെ വിവാദങ്ങൾ അനാവശ്യമാണെന്ന് വ്യക്തമാക്കി. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യൻ സംസ്കാരമെന്നും അദ്ദേഹം ഓ‌ർമ്മപ്പെടുത്തി.

vice president venkaiah naidu explains that mother tongue should be prioritized for education
Author
Malappuram, First Published Sep 24, 2019, 11:25 AM IST

മലപ്പുറം: മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് രാജ്യത്ത് വേണ്ടതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എല്ലാ ഭാഷകളും നല്ലതാണെന്ന് പറഞ്ഞ ഉപരാഷ്ട്രപതി ഭാഷയെകുറിച്ച് ഇപ്പോൾ ഉയരുന്ന വിവാദം അനാവശ്യമാണെന്ന് വ്യക്തമാക്കി. ഒരു ഭാഷയും തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടതില്ലെന്നും വെങ്കയ്യ നായിഡും പറഞ്ഞു. മലപ്പുറത്ത് വൈദ്യരത്നം പി എസ് വാര്യരുടെ 150ആം ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  ഉപരാഷ്ട്രപതി.

കുഞ്ഞുങ്ങൾ എല്ലാ ഭാഷയും പഠിക്കണമെന്ന് പറഞ്ഞ ഉപരാഷ്ട്രപതി മാതൃഭാഷ കാഴ്ച പോലെയാണെന്നും മറ്റ് ഭാഷകൾ കണ്ണടയിലുള്ള കാഴ്ചയാണെന്നും  അഭിപ്രായപ്പെട്ടു. മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് നമ്മുക്ക് ആവശ്യമെന്നും കേരളത്തിൽ ആദ്യത്തെ ഭാഷ മലയാളമാവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേ‌‌ർത്തു. 

നിലവിൽ ഉയരുന്ന ഭാഷാ വിവാദം തീ‌ർത്തും അനാവശ്യമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കാശ്മീ‌‌ർ മുതൽ കന്യാകുമാരി വരെ ഒരു രാജ്യമാണെന്നും ഈ വൈവിധ്യത്തിലുള്ള ഏകതയാണ് ഇന്ത്യയുടെ സംസ്കാരമെന്നും അദ്ദേഹം ഓ‌‌ർ‌മ്മിപ്പിച്ചു. നേരത്തെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ഹിന്ദി ഭാഷാവാദം ഉന്നയിച്ച് വലിയ പ്രതിഷേധത്തിന് ഇടവച്ചിരുന്നു. 

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്നും ജനങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നുമായിരുന്നു അമിത് ഷായുടെ വാദം, ഇതാണ് വിവാദമായത്. 2019ലെ കരട് വിദ്യഭ്യാസ നയത്തിൽ ഹിന്ദി ഭാഷാ പഠനം നിർബന്ധമാക്കാനുള്ള ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്. ബംഗാൾ, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളി‍ൽ കരട് നയത്തിനെതിരെ വിവിധ പാർട്ടികൾ രംഗത്ത് വന്നിരുന്നു.

Follow Us:
Download App:
  • android
  • ios