Asianet News MalayalamAsianet News Malayalam

പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് വ്യാജപരാതി; യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

മാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹം സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ഉപേക്ഷിക്കുകയായിരുന്നു. എന്‍ജിനീയറിംഗ് പഠനം തുടരുന്നതിനിടയിലാണ് ഈ പെണ്‍കുട്ടി സന്തോഷിനെതിരെ പരാതിയുമായി എത്തിയത്.

Victim of false rape accusation awarded Rs 15 lakh compensation
Author
Chennai, First Published Nov 22, 2020, 12:57 PM IST

വ്യാജപീഡന പരാതിയില്‍ ഏഴുവര്‍ഷം കോടതി വ്യവഹാരങ്ങളില്‍ നഷ്ടമായ യുവാവിന് പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന യുവതിയുടെ പരാതിയില്‍ നിരപരാധിയെന്ന് കണ്ടെത്തിയ സന്തോഷ് എന്ന യുവാവിനാണ് കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. മാതാപിതാക്കള്‍ സന്തോഷുമായി വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയാണ് യുവാവിനെതിരെ വ്യാജപരാതിയുമായി എത്തിയത്.

മാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹം സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ഉപേക്ഷിക്കുകയായിരുന്നു. എന്‍ജിനീയറിംഗ് പഠനം തുടരുന്നതിനിടയിലാണ് ഈ പെണ്‍കുട്ടി സന്തോഷിനെതിരെ പരാതിയുമായി എത്തിയത്. സന്തോഷ് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നും ഉടന്‍ വിവാഹം നടത്തണമെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ആരോപണം സന്തോഷ് നിഷേധിച്ചതിന് പിന്നാലെ പെണ്‍കുട്ടിയും വീട്ടുകാരും പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഈ പരാതിയില്‍ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സന്തോഷിനെ 95 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.2010 ഫെബ്രുവരി 12നാണ് സംഭവത്തില്‍ സന്തോഷിന് ജാമ്യം ലഭിക്കുന്നത്. 

ഇതിനിടെ പെണ്‍കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഡിഎന്‍എ റിപ്പോര്‍ട്ടില്‍ സന്തോഷല്ല കുഞ്ഞിന്‍റെ പിതാവ് എന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഇതിന് ശേഷവും ഏഴുവര്‍ഷമാണ് കോടതി നടപടികള്‍ നീണ്ടത്. ഒടുവില്‍ മഹിളാ കോടതി 2016 ഫെബ്രുവരി 10നാണ് സന്തോഷിനെ കുറ്റവിമുക്തനാക്കുന്നത്. ഇതിന് പിന്നാലെയാണ് സന്തോഷ് മാനനഷ്ടത്തിന് പെണ്‍കുട്ടിയ്ക്കും കുടുംബത്തിനുമെതിരെ കോടതിയെ സമീപിച്ചത്. വ്യാജ പീഡന പരാതി തന്‍റെ കരിയര്‍ നശിപ്പിച്ചുവെന്നാണ് സന്തോഷ് പരാതിയില്‍ കോടതിയെ ബോധിപ്പിച്ചത്. 30 ലക്ഷം രൂപ മാനനഷ്ടം ആവശ്യപ്പെട്ടായിരുന്നു പരാതി. ഈ പരാതിയിലാണ് കോടതി വിധി വന്നത്. പെണ്‍കുട്ടിയും രക്ഷിതാക്കളും ഈ തുക ഉടന്‍  നല്‍കണമെന്ന് കോടതി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios