ബംഗളൂരു: ദേശീയതലത്തിൽ ഉണർന്നെണീക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് വൻ പ്രഹരമാണ് കർണാടക സർക്കാരിൻറെ പതനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് ഈ വിജയം ബിജെപിയുടെ ആത്മവിശ്വാസം കൂട്ടും. ഇന്ത്യയിലെ പ്രതിപക്ഷത്തിന്‍റെ ഒരു സ്വപ്നമായിരുന്നു കര്‍ണാടക. 

2018 മേയിൽ എച്ച് ഡി കുമാരസ്വാമി അധികാരത്തിൽ വന്നപ്പോൾ പ്രതിപക്ഷം ബംഗളൂരുവില്‍ സംഘടിച്ചതും ആ സ്വപ്നത്തിന്‍റെ ബലത്തിലായിരുന്നു. നരേന്ദ്രമോദിയുടെ ഭരണം പ്രതിപക്ഷ കൂട്ടായ്മയിലൂടെ അവസാനിപ്പിക്കാം എന്ന സൂചന കർണാടകം നല്‍കി. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കർണാടകയിൽ പോലും ഭരണസഖ്യം തകർന്നടി‍ഞ്ഞു. എച്ച് ഡി ദേവഗൗഡയും തോറ്റു. മികച്ച ഭരണത്തിലൂടെ രാജ്യത്താകെ മാതൃകയാകാനുള്ള അവസരം കളഞ്ഞു.

സ്ഥിരം തമ്മിലടിയും രണ്ടു പാർട്ടികൾക്കുമിടയിലെ ഭിന്നതയും കുടുംബഭരണത്തിൻറെ പ്രകടനവും ജനവികാരം എതിരാക്കി. കർണാടക സർക്കാരിന്‍റെ പതനം എപ്പോഴെന്ന ചോദ്യം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഉയർന്നിരുന്നു. ബിജെപിയുടെ രഹസ്യനീക്കം തിരിച്ചറിയാൻ കോൺഗ്രസ് വൈകുകയും ചെയ്തു.

സുപ്രീംകോടതിയെ വിമത എംഎൽഎമാർ ആദ്യം സമീപിക്കാനുള്ള സാധ്യതയും കോൺഗ്രസ് മുൻകൂട്ടി കണ്ടില്ല. പാർട്ടിയിലെ ആശയക്കുഴപ്പം പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളെയും ബാധിച്ചു. കർണാടകത്തിലെ സഖ്യസർക്കാരും തകരുമ്പോൾ തൽക്കാലം തെക്കേ ഇന്ത്യയിൽ കോൺഗ്രസ് ഭരണം പുതുച്ചേരിയിൽ മാത്രമായി ഒതുങ്ങുന്നു. 

പ്രധാനപ്പെട്ട ഒരു സംസ്ഥാനത്തെ ഭരണം ഏതു മാർഗ്ഗത്തിലൂടെയെങ്കിലും തിരിച്ചു പിടിച്ച് കഴിഞ്ഞ വർഷമേറ്റ മുറിവ് ഉണക്കാനാണ് ബിജെപിയുടെ ശ്രമം. മഹാരാഷ്ട്രയിലും ഹരിയാനയിലും ദില്ലിയിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടക ഭരണം നേടുന്നത് ബിജെപിക്ക് ആത്മവിശ്വാസം പകരും. 

ബിജെപി സഹായമുണ്ടായെങ്കിലും കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളാണ് സർക്കാർ വീഴാൻ കാരണം. സിദ്ദരാമയ്യയെ വിശ്വസിച്ചതും എഐസിസിയുടെ വീഴ്ചയാണ്. ദേവഗൗഡയുടെ പാർട്ടി ഇനിയും പിളരാനുള്ള സാധ്യത തള്ളാനാവില്ല. മധ്യപ്രദേശിലും കോൺഗ്രസിന് ഇത് അപായ സൂചന നല്‍കുന്നു. ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ വരും ദിനങ്ങളിൽ കളം മാറിയേക്കും. ദേശീയതലത്തിൽ അദ്ധ്യക്ഷൻ പോലുമില്ലാതെ കോൺഗ്രസ് അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം കൂട്ടുന്ന കർണാടകത്തിലെ ഈ വീഴ്ച.