കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് സോനം വാങ്ചുക്. ജനാധിപത്യത്തിൻ്റെയും സമാധാനത്തിൻ്റെയും വിജയമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വിദ്യാർത്ഥികളെയും പൗരന്മാരെയും അഭിനന്ദിച്ചു

ദില്ലി: നീറ്റ് ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിൽ സന്തോഷം പങ്കിട്ട് സമര നായകരിൽ ഒരാളായ സോനം വാങ്ചുക്. പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്ന സോനത്തെ, പൊലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് രാജ്യതലസ്ഥാനത്തെ സി ജെ പി പ്രക്ഷോഭം അതിശക്തമായത്. തെരുവുകളിൽ നിന്ന് ഉയർന്നുവന്ന നേരിട്ടുള്ള ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ക്ഷമയുടെയും വിജയമാണ് പ്രധാന്‍റെ രാജിയെന്നാണ് സോനം വാങ്ചുക് അഭിപ്രായപ്പെട്ടത്. ഭയത്തെ അതിജീവിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ പൗരന്മാർക്കും സി ജെ പി പ്രസ്ഥാനത്തിനും രാജ്യത്തെ 'ജെൻ സി' തലമുറയ്ക്കും ഈ പ്രക്ഷോഭത്തിന്‍റെ പ്രിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം വിവരിച്ചു. ആശുപത്രിയിൽ നിന്നുള്ള ചിത്രമടക്കം പങ്കുവച്ചാണ് സോനം എക്സിൽ കുറിപ്പിട്ടത്.

പ്രക്ഷോഭത്തിന്‍റെ തലവര മാറ്റിയ നിരാഹാരം

വിദ്യാർത്ഥി സമരത്തിന്റെ തുടക്കത്തിൽ വിഷയം പൂർണ്ണമായി അവഗണിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. എന്നാൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം അനുഷ്ഠിച്ച സോനം വാങ്ചുകിന്റെ ആരോഗ്യനില വഷളായതോടെ കേന്ദ്ര സർക്കാർ നിർബന്ധിതമായി ഇടപെടുകയായിരുന്നു. തുടർന്ന് ദില്ലി ജന്ദർമന്ദറിൽ നിന്ന് വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റുകയും ശക്തമായ പൊലീസ് നടപടിയിലൂടെ സമരക്കാരെ പിരിച്ചുവിടാനും അധികൃതർ പരിശ്രമിച്ചു. എന്നാൽ പ്രക്ഷോഭകർക്ക് നേരെയുണ്ടായ ക്രൂരമായ പൊലീസ് നടപടി രാജ്യവ്യാപകമായി വലിയ രോഷത്തിനാണ് വഴിവെച്ചത്. യുവാക്കളും വിദ്യാർത്ഥികളും ഒന്നടങ്കം തെരുവിലിറങ്ങി പോരാട്ടം ശക്തമാക്കിയതോടെ കേന്ദ്ര സർക്കാരിന് മുട്ടുമടക്കേണ്ടി വരികയായിരുന്നു.

പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനഃസൃഷ്ടിക്കുന്നതിലേക്കുള്ള വളരെ വലിയൊരു ചുവടുവെപ്പാണ് ഇതെന്നും അഭിപ്രായപ്പെട്ടു. തെരുവിലിറങ്ങി ജനാധിപത്യത്തെയും ഭരണഘടനയെയും സ്വന്തം ഭാവിയെയും സംരക്ഷിക്കാൻ ഉറച്ചുനിന്ന രാജ്യത്തെ എല്ലാ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കി. കേന്ദ്രത്തെ മുട്ടുക്കുത്തിച്ച പ്രക്ഷോഭത്തിൽ അണിനിരന്ന എല്ലാവരെയും ഓർത്ത് അഭിമാനിക്കുന്നുവെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. എന്നാൽ പ്രക്ഷോഭത്തിന്റെ പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളെയും രാജ്യത്തിന്‍റെ ഭാവിയെയും അപമാനിച്ചതിന് പ്രധാനമന്ത്രി മോദി മാപ്പ് പറയണമെന്നും, സമരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ അക്രമം അഴിച്ചുവിട്ട കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യങ്ങൾ അംഗീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

YouTube video player