Asianet News MalayalamAsianet News Malayalam

ഇന്ത്യാ-ചൈന അതിർത്തിയിൽ ഏറ്റുമുട്ടലില്ല; പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ഇന്ത്യൻ സൈന്യം

 അതിർത്തിയിലെ പ്രശ്നങ്ങളോട് ചേർത്ത് വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നലുളളത് ദുരുദ്ദേശ്യമാണ്. നിലവിൽ യാതൊരു ആക്രമണങ്ങളും അവിടെയില്ലെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. 
 

video circulated  in social media on an incident on the india china borders  not authenticated says indian army
Author
Delhi, First Published May 31, 2020, 12:16 PM IST

ദില്ലി: ഇന്ത്യാ-ചൈന അതിർത്തിയിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോ​ഗിക സ്ഥിരീകരണം. അതിർത്തിയിലെ പ്രശ്നങ്ങളോട് ചേർത്ത് വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നലുളളത് ദുരുദ്ദേശ്യമാണ്. നിലവിൽ യാതൊരു ആക്രമണങ്ങളും അവിടെയില്ലെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. 

ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ചകളിലൂടെ സമവായം കണ്ടെത്താനാണ് ശ്രമിക്കുന്നത്. മുതിർന്ന സൈനിക ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ ഇതിനുളള ശ്രമങ്ങൾ നടക്കുന്നുണ്ട്. ദേശീയ സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിൽ പ്രശ്നങ്ങളെക്കുറിച്ച് ചിലർ പ്രചാരണം നടത്തുന്നതിനെ അപലപിക്കുന്നു. അതിർത്തിയിലെ പ്രശ്നങ്ങൾ വഷളാക്കാൻ മാത്രമേ ഇത്തരം പ്രചാരണങ്ങൾ കൊണ്ട് കഴിയൂ. ഇത്തരം വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഒരു കാരണവശാലും സംപ്രേഷണം ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയാണെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. 

ഇന്ത്യയും ചൈനയും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രശ്നത്തിൽ അമേരിക്കൻ മധ്യസ്ഥം ആവശ്യമില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലും രാജ്നാഥ് സിംഗ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയതായാണ് സൂചന.  

ഇന്ത്യ-ചൈന തർക്കത്തിൽ നരേന്ദ്രമോദിക്ക് നീരസം എന്ന വിവാദപ്രസ്താവനയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇന്ത്യ-ചൈന തർക്കത്തിൽ മോദിയുമായി സംസാരിച്ചു എന്ന ഡോണൾഡ് ട്രംപിൻറെ അവകാശവാദം തെറ്റെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഹൈഡ്രോക്സി ക്ളോറോക്വിൻ നല്കുന്ന വിഷയത്തിൽ കഴിഞ്ഞ മാസമാണ് രണ്ടു നേതാക്കളും അവസാനം സംസാരിച്ചതെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു.

മധ്യസ്ഥനാവാൻ തയ്യാറെന്ന് ആവർത്തിക്കുന്ന ട്രംപ് പിന്നെ എന്തിനിങ്ങനെ പറഞ്ഞു എന്ന് വ്യക്തമല്ല. മധ്യസ്ഥത സ്വീകരിക്കില്ലെന്ന സൂചന വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവയും നല്കിയിട്ടുണ്ട്. മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് ചൈനയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ ചൈന സൈനിക വിന്യാസം നടത്തിയതോടെ ഇന്ത്യയും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു

Follow Us:
Download App:
  • android
  • ios