ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുമ്പോള്‍ വ്യത്യസ്തമായ ഒരു കാഴ്ചയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിനിടെ നിസ്കരിക്കുന്ന മുസ്ലിംകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കൈകള്‍ കോര്‍ത്ത് മനുഷ്യ ചങ്ങല സൃഷ്ടിക്കുന്ന ഹിന്ദുക്കളുടെയും സിഖ് മതവിശ്വാസികളുടെയും വീഡിയോയാണ് നന്മയുടെ മാതൃകയായി സാമൂഹിക മാധ്യമങ്ങളുടെ ഹൃദയം നിറയ്ക്കുന്നത്. 

ചെങ്കോട്ടയില്‍ നിന്ന് ഷഹീദ് പാര്‍ക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ദില്ലി പൊലീസ് അനുമതി നല്‍കിയില്ല. പ്രതിഷേധത്തിനിടെ റോഡിലിരുന്നാണ് മുസ്ലിംകള്‍ നിസ്കരിക്കുന്നത്. ഇവര്‍ക്ക് സമാധാനപരമായി പ്രാര്‍ത്ഥിക്കാന്‍ സൗകര്യം ഒരുക്കാനാണ് മറ്റ് മതവിശ്വാസികള്‍ ചേര്‍ന്ന് സംരക്ഷണ വലയം തീര്‍ത്തത്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.