ഡെറാഡൂണിൽ ഒരു ജ്യൂസ് വിൽപനക്കാരൻ ശുചിത്വമില്ലാത്ത രീതിയിൽ പ്രവർത്തിക്കുന്നതിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ദൃശ്യങ്ങൾ വൻ പ്രതിഷേധത്തിന് ഇടയാക്കിയതോടെ അധികൃതർ ഇയാൾക്കെതിരെ നടപടി സ്വീകരിച്ചു.
ഡെറാഡൂൺ: ജ്യൂസ് വിൽപനക്കാരൻ ശുചിത്വമില്ലാതെ രീതിയിൽ പ്രവർത്തിക്കുന്നതിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വൻ പ്രതിഷേധം. വിൽപനക്കാരൻ തൻ്റെ സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കിയ തുണികൊണ്ട് തന്നെ പാത്രങ്ങൾ തുടയ്ക്കുകയും വൃത്തിയാക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. ഈ വീഡിയോ ട്വിറ്റർ, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ അതിവേഗം പ്രചരിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. പൊതുജനാരോഗ്യത്തെക്കുറിച്ചും തെരുവ് കച്ചവടങ്ങളിലെ ശുചിത്വ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്കാണ് വീഡിയോ വഴിതുറന്നത്. തിരക്കേറിയ ഒരു നഗരത്തിൽ ഇത്തരം രീതികൾ എങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്ന് പലരും ചോദിക്കുന്നു.
വിൽപനക്കാരൻ്റെ ശുചിത്വമില്ലായ്മ കണ്ട ഒരു ദൃക്‌സാക്ഷി സംഭവം റെക്കോർഡ് ചെയ്യുകയും ഇയാളെ നേരിട്ട് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ അധികൃതര്‍ നടപടി സ്വീകരിച്ചു. പ്രാദേശിക ഭരണകൂട അധികൃതരെത്തി വിൽപനക്കാരനെ പൊലീസിന് കൈമാറുകയും, ജ്യൂസ് വണ്ടി പിടിച്ചെടുക്കുകയും ചുമത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകളിൽപറയുന്നത്. കൂടാതെ, ഈ പ്രദേശത്ത് ഇയാൾ ഇനി കച്ചവടം ചെയ്യരുതെന്ന് കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ടെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ടിൽ പറയുന്നു. പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാകുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഹോട്ടലുകൾക്ക് പുറമെ തെരുവ് കച്ചവടക്കാരെ കൃത്യമായി നിരീക്ഷിക്കുകയും കർശനമായ ശുചിത്വ നിലവാരം ഉറപ്പാക്കുകയും വേണമെന്നാണ് ആവശ്യം. രോഗങ്ങൾ തടയുന്നതിനും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശുചിത്വം അത്യന്താപേക്ഷിതമാണെന്നും കമന്റുകളിൽ നിരവധിപേര്‍ കുറിക്കുന്നു.


